cpm
സി.പി.എം

കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയ്ക്ക് അകത്ത് സമ്പൂർണ്ണ ശുദ്ധികലശത്തിന് ഒരുങ്ങി കണ്ണൂർ സി.പി.എം നേതൃത്വം. അണികളിൽ അസംതൃപ്തിയ്ക്ക് വഴിവെച്ച പ്രശ്നങ്ങളൊക്കെ തീർപ്പാക്കി വോട്ട് ചോർച്ച ഒഴിവാക്കുകയാണ് ലക്ഷ്യം. എന്നാൽ പലയിടത്തും ഉന്നത നേതാക്കളടക്കം കുരുങ്ങിയ വിവാദങ്ങൾ പരിഹരിക്കുന്നതും പാർട്ടിയ്ക്ക് കീറാമുട്ടിയാകും. സാമ്പത്തിക ക്രമക്കേട് മുതൽ സദാചാര വിവാദങ്ങൾ വരെ പരിഹരിക്കപ്പെടേണ്ട വിഷയങ്ങളായുണ്ട്.

രണ്ടു മാസങ്ങൾക്കിടെ നാല് വിവാദങ്ങളാണ് പാർട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയത്. പൊതുവേ പാർട്ടി കമ്മിറ്റിയിൽ ഒതുക്കി തീർക്കുന്ന സംഭവങ്ങൾ ചോർത്തുന്നതും ഇവ അണികളടക്കം നവമാദ്ധ്യമങ്ങളിൽ അലക്കുന്നതും തലവേദനയാകുന്നു. നേതൃത്വത്തോട് അസംതൃപ്തിയുള്ളവർ മാദ്ധ്യമങ്ങൾക്ക് വാർത്ത നൽകുന്നതും പാർട്ടിയെ അലട്ടുന്നുണ്ട്.

ഇരിട്ടി പായത്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയും ഇരിട്ടി റൂറൽ ബാങ്ക് കളക്ഷൻ ഏജന്റുമായ സി.പി.എം വനിതാ നേതാവ് ജീവിച്ചിരിപ്പില്ലാത്ത വൃദ്ധയുടെ സാമൂഹിക പെൻഷൻ കള്ളയൊപ്പിട്ടു തട്ടിയെടുത്തത് വിവാദമായിരുന്നു. മന്ത്രി കെ.കെ ശൈലജയുടെ മാതൃസഹോദരിയുടെ മകളും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ നേതാവുകൂടിയായ സ്ത്രീയാണ് അന്വേഷണത്തിൽ കുടുങ്ങിയത്. ബി.ജെ.പി പ്രാദേശിക നേതൃത്വം തട്ടിപ്പിനു ഇരയായ കുടുംബത്തോടൊപ്പം നിൽക്കുകയും വിഷയം കത്തിക്കുകയും ചെയ്തു. ഒടുവിൽ കുറ്റാരോപിതയെ ബാങ്കിൽ നിന്നും പുറത്താക്കിയാണ് സി.പി.എം മുഖം രക്ഷിച്ചത്.

കൊളക്കാട് സർവീസ് സഹകരണ ബാങ്കിൽ എൽ.ഡി ക്ലർക്കായ ഡി.വൈ.എഫ്.ഐ നേതാവ് 25 ലക്ഷത്തിന്റെ സ്വർണ്ണ പണയ തിരിമറിയിലാണ് കുടുങ്ങിയത്. സി.പി.എം ജില്ലാകമ്മിറ്റി നേതാവിന്റെ മകനാണ് ഇടപാടുകാരുടെ സ്വർണ്ണം ആരുമറിയാതെ മാറ്റിയത്. ഇയാളെ ബാങ്കിൽ നിന്നും പുറത്താക്കിയെങ്കിലും അധികൃതർ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.

മറ്റൊരു സംഭവത്തിൽ സി.പി.എം ഏരിയാ നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ വ്യക്തി ചെത്തുതൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) ശ്രീകണ്ഠാപുരം റേഞ്ചിന്റെ പേരിലുള്ള 35 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ തുക യൂണിയന്റെ സമ്മതപത്രമില്ലാതെ തന്റെയും ഭാര്യയുടെയും പേരിലാക്കിയതാണ് വിവാദമായത്. നേതാവിനെ അന്വേഷണ വിധേയമായി ഏരിയാ കമ്മിറ്റിയിൽ നിന്നും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി.

സി.പി.എം അണികളുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സ്വന്തം നഗ്‌ന ചിത്രം അയച്ചതോടെ പയ്യന്നൂർ ഏരിയാ സെക്രട്ടറിയും പടിയ്ക്ക് പുറത്തായി. തൊഴിലുറപ്പു ജോലി നൽകാമെന്ന് വാഗ്‌ദാനം ചെയ്തു പാർട്ടി കുടുംബത്തിലെ സ്ത്രീയെ വീട്ടിലേക്ക് വിളിച്ചു വരുത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് കൂത്തുപറമ്പ് ഏരിയയിലെ മുതിർന്ന നേതാവിനെയും പുറത്താക്കി. നേരത്തെ സഹകരണ ബാങ്കിൽ നിന്നും ക്ഷേമ പെൻഷൻ തട്ടിപ്പു നടത്തിയതിന് തലശേരിയിൽ ബ്രാഞ്ചു സെക്രട്ടറിയെയും ഒഴിവാക്കിയിരുന്നു.

ആഭ്യന്തര ശുദ്ധികലശത്തോടൊപ്പം എതിരാളികളെ കായികമായി പ്രതിരോധിക്കാനുള്ള ഇടപെടലും സജീവമാണ്. കഴിഞ്ഞ ദിവസം കതിരൂർ പൊന്ന്യത്ത് ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനത്തിൽ ഒരു പ്രവർത്തകന്റെ കൈപ്പത്തികൾ അറ്റുപോയിരുന്നു. ടി.പി വധക്കേസിലെ പ്രതി റമീഷിനാണ് കൈപ്പത്തികൾ നഷ്ടമായത്. സി.ഒ.ടി നസീർ വധശ്രമക്കേലിലെ പ്രതി യശ്വന്തിനും ഇതിൽ സാരമായി പരിക്കേറ്റിരുന്നു.