കാസർകോട് : ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരങ്ങൾ ഉൾപ്പെടെ നാല് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മീയപദവ് ബേരിക്ക കെദംകോട്ടിലെ എം.ശിവപ്രസാദ് (32), സഹോദരൻ എം.ഉമേശ് (34), ബജംങ്കളയിലെ എം.നന്ദേഷ് (24), കൊദുംകോട്ടിലെ കെ.ജനാർദ്ദനൻ (49) എന്നിവരെയാണ് മഞ്ചേശ്വരം ഇൻസ്‌പെക്ടർ ഇ.അനുപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളെ കാസർകോട് ജെ എഫ് സി എം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കൊലപാതക കേസിൽ കൂടുതൽ പ്രതികളുണ്ടെന്നു പൊലീസ് പറഞ്ഞു. ആക്രമണത്തിനായി ഉപയോഗിച്ച മൂന്ന് ആയുധങ്ങൾ അന്വേഷണ സംഘം കണ്ടെടുത്തു. കത്രിക , കമ്പിപ്പാര, വടി എന്നിവയാണ് കണ്ടെടുത്തത്. ബേരിക്ക കെദംകോട്ടയിലെ അണ്ണ എന്ന കൃപാകര (27) ആണ് വെട്ടും കുത്തുമേറ്റ് ഓഗസ്റ്റ് 26 ന് അർദ്ധരാത്രി മരിച്ചത്. വീടുകളിലെത്തി പരാക്രമം കാട്ടിയപ്പോഴായിരുന്നു ആൾക്കൂട്ടം അക്രമാസക്തമായതെന്നു നാട്ടുകാർ പറയുന്നു. രക്തം വാർന്നു അവശനായി കിടന്ന യുവാവിനെ പൊലീസ് സംഘം സ്ഥലത്തെത്തി കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറസ്റ്റിലായ എം.ഉമേശിനു പുറമേ ജിതേഷിനും കൊലപ്പെട്ട യുവാവിന്റെ അക്രമത്തിൽ പരുക്കേറ്റിരുന്നു. ഇയാൾ കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
തലയ്ക്കടിയേറ്റതിനെ തുടർന്ന് ഏറെ നേരം വീണുകിടന്നതിനാൽ രക്തം വാർന്നാണ് യുവാവ് മരിച്ചത്. വീടിന്റെ പ്രമാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അമ്മയും സഹോദരിമാരുമായി വഴക്കിടുകയും കുറെ കടലാസുകൾ കത്തിക്കുകയും ചെയ്തതിന് ശേഷം കത്രികയുമായി വീട്ടിൽ നിന്നിറങ്ങിയ കൃപാകര കഞ്ചാവ് ലഹരിയിലാണ് അക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൃപാകരയ്ക്ക് തലയ്ക്കും ശരീരമാസകലവും 25 ലേറെ മുറിവുകളുണ്ടായിരുന്നു . ഇയാൾക്കെതിരെ മാതാവ് നൽകിയ പരാതിയിൽ അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തെ വെട്ടിച്ചു കടന്നുകളഞ്ഞ കൃപാകര ഉമേശന്റെ വീട്ടിൽ എത്തി പരാക്രമം കാണിക്കുകയും കത്രിക കൊണ്ട് കുത്താൻ ശ്രമിക്കുകയും ചെയ്തു.