കണ്ണൂർ: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ചിലയിടങ്ങളിൽ പ്രകടനത്തിനിടെ കോൺഗ്രസ് ഓഫീസുകൾക്കുനേരെയും മറ്റും അക്രമവും ഉണ്ടായി.

മട്ടന്നൂർ: പട്ടാനൂർ കൊളപ്പയിൽ കോൺഗ്രസ് ഓഫീസിന് നേരെ അക്രമമുണ്ടായി. ഓഫീസിനു മുന്നിലുള്ള കൊടിമരം നശിപ്പിക്കുകയും ഓഫീസിന് കല്ലെറിയുകയും ചെയ്തു. ഇന്ദിരാജി യൂത്ത് വിംഗ് ക്ലബിനു നേരെയും ആക്രമണമുണ്ടായി. കൊടോളിപ്രം ബാലവാടിക്ക് സമീപത്തെ കോൺഗ്രസ് കൊടിമരവും കുട്ടികളുടെ രണ്ട് അനുമോദന ബോർഡുകളും നശിപ്പിച്ചു.

സംഭവത്തിൽ കൊടോളിപ്രം ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. പി.വി.ഹരിദാസൻ, ആർ.കെ. നവീൻ കുമാർ, വി.സി. സുരേന്ദ്രൻ, പി. വേണു എന്നിവർ സംസാരിച്ചു. കീഴല്ലൂരിൽ കോൺഗ്രസ്‌ ഓഫീസിനു നേരെ അക്രമമുണ്ടായി. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ. പ്രശാന്തൻ, യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഫർസിൻ മജീദ്, സുരേഷ് ബാബു, അഷ്‌റഫ്‌ എളമ്പാറ തുടങ്ങിയവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.