തൃക്കരിപ്പൂർ: ഭാരതത്തിന്റെ മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ ദേഹവിയോഗം മൂലം രാജ്യത്താകമാനം ദുഃഖമാചരിക്കുമ്പോൾ ഓർമ്മക്കുറിപ്പ് എഴുതി ചേർത്ത് തൃക്കരിപ്പൂരിനടുത്ത ഉദിനൂരും.
2013 -ൽ ഡൽഹിയിൽ വെച്ച് അന്നത്തെ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയിൽ നിന്നും നാഷണൽ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് നേടിയ പി.കെ. ഇന്ദിര എന്ന ആതുരസേവന രംഗത്തെ പ്രതിഭയ്ക്ക്, ഏഴു വർഷങ്ങൾക്ക് മുമ്പ് രാജ്യ തലസ്ഥാനത്തു നടന്ന പ്രൗഡഗംഭീരമായ ചടങ്ങും, രാഷ്ട്രപതിയുടെ പ്രസംഗവും, അവാർഡ് ദാനവുമൊക്കെ ഹരിതാഭമായി ഇന്നും ഓർമ്മിയിലേക്ക് ഓടിയെത്തുകയാണ്. തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി ഹെഡ്നഴ്സ് ആയിരുന്ന കാലത്താണ് ഇന്ദിരക്ക് മികച്ച നഴ്സിനുളള കേന്ദ്ര സർക്കാരിന്റെ പുരസ്കാരം ലഭിക്കുന്നത്. കാഞ്ഞങ്ങാട് പാലിയേറ്റീവ് ട്രെയ്നിംഗ് സെന്ററിന്റെ ചുമതല കൂടി ഇന്ദിര അന്നു വഹിക്കുന്നുണ്ടായിരുന്നു. മാത്രമല്ല തൃക്കരിപ്പൂർ പാലിയേറ്റിവ് സൊസൈറ്റിക്കു വേണ്ടി അവധി ദിനങ്ങളിലും ഒഴിവുവേളയിലുമൊക്കെ ജനസേവന രംഗത്ത് പ്രവർത്തിച്ച മാതൃകാ ആരോഗ്യ പ്രവർത്തകയായിരുന്നു. സമയവും കാലവും നോക്കാതെയുള്ള സേവന സന്നദ്ധതയാണ് ഇന്ദിരയെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരത്തിന് അർഹയാക്കിയത്. 33 വർഷത്തെ സേവനത്തിനിടയിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഏടായി പ്രണബ് കുമാർ മുഖർജിയും തലസ്ഥാന നഗരിയിലെ ചടങ്ങുമൊക്കെ ഇന്നും മായാതെ കിടക്കുന്നുണ്ടെന്ന് ആറു വർഷമായി റിട്ടയർമെന്റ് ജീവിതം നയിക്കുന്ന ഇന്ദിര പറഞ്ഞു. അമ്മയുടെ പാത പിന്തുടർന്ന് ആരതി, ആതിര എന്നീ രണ്ടു മക്കളും നഴ്സായി സേവനമനുഷ്ടിച്ചു വരികയാണ്. റിട്ട. പൊലീസ് ഓഫീസർ ടി.നാരായണനാണ് ഭർത്താവ്.