കാസർകോട്: പള്ളിക്കര പൂച്ചക്കാടിനടുത്ത കിഴക്കേക്കരയിൽ സി.പി.എം-കോൺഗ്രസ്- ബി.ജെ.പി സംഘർഷം. അക്രമത്തിൽ ഗർഭിണിയടക്കം നിരവധി പേർക്ക് പരിക്കേറ്റു. ബി.ജെ.പി പ്രവർത്തകൻ അടുക്കം കിഴക്കേക്കരയിലെ കുഞ്ഞികൃഷ്ണൻ (38), ബി.ജെ.പി പള്ളിക്കര പഞ്ചായത്ത് സെക്രട്ടറി രഞ്ജിത്, രാഹുൽ ,ശരത് എന്നിവർക്കും സംഘർഷം നടക്കുമ്പോൾ വഴിയിലൂടെ നടന്നുപോകുകയായിരുന്ന ഗർഭിണിക്കും കോൺഗ്രസ് പ്രവർത്തകൻ ദീപേഷിനും സി.പി.എം പ്രവർത്തകൻ രാജേഷിനുമാണ് അക്രമത്തിൽ പരിക്കേറ്റത്.

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയിൽ പ്രതിഷേധിച്ച് തിരുവോണദിവസം വൈകിട്ട് പൂച്ചക്കാട്ട് സി.പി.എം പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഈ സമയം റോഡരികിലൂടെ നടന്നുവരികയായിരുന്ന ബി.ജെ.പി പ്രവർത്തകൻ കുഞ്ഞികൃഷ്ണന് പ്രകടനം നടത്തിയവരിൽ നിന്ന് മർദ്ദനമേറ്റതോടെയാണ് പൂച്ചക്കാട്ട് സംഘർഷം ഉടലെടുത്തത്. കുഞ്ഞികൃഷ്ണന്റെ കാൽ വടികൊണ്ട് തല്ലിയൊടിക്കുകയായിരുന്നു. ഇദ്ദേഹം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞികൃഷ്ണനെ ആക്രമിക്കുന്നത് തടഞ്ഞപ്പോഴാണ് രഞ്ജിത്, രാഹുൽ, ശരത് ഗോകുൽ എന്നിവർ അക്രമത്തിനിരയായത്. തുടർന്ന് സി.പി.എം- ബി.ജെ.പി പ്രവർത്തകർ തമ്മിലുള്ള സംഘർഷം രൂക്ഷമായി. ഇതിനിടെ കോൺഗ്രസ് പ്രവർത്തകൻ ദീപേഷും ആക്രമിക്കപ്പെട്ടു. സി.പി.എം പ്രവർത്തകൻ രാജേഷിനെ ആക്രമിച്ചത് കോൺഗ്രസ്- ബി.ജെ.പി പ്രവർത്തകർ ചേർന്നാണെന്ന് സി.പി.എം ആരോപിച്ചു. സി.പി.എം പ്രവർത്തകൻ രാജേഷിന്റെ പരിതിയിൽ 10 ഓളം കോൺഗ്രസ്-ബി.ജെ.പി പ്രവർത്തകർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ദീപേഷിനെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് സി.പി.എം പ്രവർത്തകർക്കെതിരെയും കണ്ടാലറിയാവുന്ന ഒരാൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്. കുഞ്ഞികൃഷ്ണൻ അടക്കമുള്ള ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തു. മൂന്ന് കേസുകളിലുമായി അമ്പതോളം പ്രതികളുണ്ട്. സംഘർഷം തടയുന്നതിനായി പൂച്ചക്കാട്, കിഴക്കേക്കര ഭാഗങ്ങളിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തി.