30 ലേറെ നിരീക്ഷണ കാമറകൾ
പഴയങ്ങാടി: പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് അപകടരഹിത മേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ കേരള റോഡ് സേഫ്റ്റി അതോറിറ്റി സേഫ്റ്റി കോറിഡോർ പദ്ധതി നടപ്പിലാക്കി. ഈ മേഖലയെ അപകട രഹിതമാക്കി മാറ്റുന്നതിനായി നാറ്റ്പാക് സമർപ്പിച്ച പദ്ധതിക്കായി 1.84 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
കെ.എസ്.ടി.പി റോഡ് തുറന്നുകൊടുത്തതിന് ശേഷം റോഡിൽ കഴിഞ്ഞ ഒരു വർഷം നടന്ന അപകടങ്ങളെ കുറിച്ച് പഠനം നടത്തിയാണ് നാറ്റ്പാക് സമഗ്ര റോഡ് സുരക്ഷാ പദ്ധതി തയ്യാറാക്കിയത്.
21 കിലോമീറ്റർ വരുന്ന റോഡിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ്, വേഗത എന്നിവ പകർത്തുന്ന എ.എൻ.പി.ആർ കാമറകൾക്കു പുറമെ, 30ലേറെ സ്ഥലങ്ങളിൽ നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. പിലാത്തറ ജംഗ്ഷൻ, പഴയങ്ങാടി , കണ്ണപുരം പൊലീസ് സ്‌റ്റേഷൻ, പാപ്പിനിശ്ശേരി ജംഗ്ഷൻ, പുന്നച്ചേരി, ഹനുമാരമ്പലം ജംഗ്ഷൻ, എരിപുരം പൊലീസ് സ്‌റ്റേഷൻ, യോഗശാല റോഡ്, പുതിയകാവ് എന്നിവിടങ്ങളിലാണ് ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ കാമറകൾ സ്ഥാപിച്ചത്. മറ്റിടങ്ങളിൽ റോഡിന്റെ എല്ലാവശങ്ങളും പരിസരങ്ങളും പകർത്താൻ ശേഷിയുള്ള 26 പി.ടി.എസ് കാമറകളും നാല് ബുള്ളറ്റ് കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഈ കാമറകളിലെ ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനും നിയമലംഘകരെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനുമായി കണ്ണപുരം പൊലീസ് സ്‌റ്റേഷനിൽ സെൻട്രൽ മോണിറ്ററിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ട്രാഫിക് നിയമ ലംഘനങ്ങൾക്കു പുറമെ, മേഖലയിലെ കുറ്റകൃത്യങ്ങൾ, മണൽ കടത്ത്, മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങൾ, പുഴകളിലും റോഡരികുകളിലും മാലിന്യങ്ങൾ വലിച്ചെറിയൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുവാനും ഇതിലൂടെ സാധിക്കും.
പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗം ടെൻഡർ ചെയ്ത പ്രവൃത്തി കണ്ണൂർ കംപ്യൂട്ടർ കെയർ എന്ന ഏജൻസി മുഖേനയാണ് നടപ്പിലാക്കിയത്.