തലശ്ശേരി: എരഞ്ഞോളി ചോനാടത്ത് അഴീക്കോടൻ മന്ദിരത്തിനു നേരെ ബോംബേറ്. ഇന്നലെ പുലർച്ച 1.30 ഓടെയാണ് സംഭവം. മന്ദിരത്തിന്റെ മുൻവശത്തെ ജനൽ ചില്ലുകൾ പൂർണമായി തകർന്നു. ഒരു ബോംബ് നടുറോഡിൽ വീണു പൊട്ടുകയും ചെയ്തു. സംഭവത്തിൽ ഓഫീസ് സെക്രട്ടറി കെ.പി ശൺമുഖൻ തലശ്ശേരി പൊലീസിൽ പരാതി നൽകി.
സി.ഐ സനൽകുമാർ, എസ്.ഐ സി. രാജേഷ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. എ.എൻ ഷംസീർ എം.എൽ.എ, കാരായി രാജൻ, എം.സി പവിത്രൻ, ടി.പി ശ്രീധരൻ സ്ഥലം സന്ദർശിച്ചു. ബോംബേറിൽ പ്രതിഷേധിച്ച് ചോനാടത്ത് പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എ.കെ രമ്യ ഉദ്ഘാടനം ചെയ്തു. കാട്ട്യത്ത് പ്രകാശൻ, ടി. പ്രേംനാഥ്, നാറങ്ങാട് വിനോദ് സംസാരിച്ചു.
കഴിഞ്ഞദിവസം കോൺഗ്രസ് ഓഫിസുകൾക്കു നേരെ ബോംബേറും അക്രമവും ഉണ്ടായ ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധികളിൽ ബോംബ് സ്‌ക്വാഡ് ഇന്നലെ പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നിർദ്ദേശത്തെ തുടർന്നാണ് പരിശോധന. ഇല്ലത്ത്താഴെ, മാടപ്പീടിക, പെരിങ്കളം, മുഴിക്കര, പുന്നോൽ ഈയത്തുങ്കാട് പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. ബോംബ് സ്‌ക്വാഡ് എസ്.ഐ ടി.വി ശശീധരൻ, മറ്റു ഉദ്യോഗസ്ഥരായ രഞ്ജിത്ത്, പ്രവീൺ, ജയ്സൺ എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.