തൃക്കരിപ്പൂർ: കുടിവെള്ള പദ്ധതികൾ ഏറെയുണ്ടായിട്ടും തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന്റെ തീരദേശമേഖലകളിൽ കുടിവെള്ളത്തിന് കടുത്ത ക്ഷാമം തന്നെ. കടുത്ത ഉപ്പ് കലർന്ന വെള്ളമാണ് ഇവിടങ്ങളിലെ കിണറുകളിലെന്നതിനാൽ മഴക്കാലത്തുപോലും ശുദ്ധജലത്തിന് ക്ഷാമമാണ്. കേരള വാട്ടർ അതോറിറ്റിയുടെ ആറ് ഗ്രാമീണ ജലവിതരണ പദ്ധതികളും, നാട്ടുകാരുടെ കമ്മിറ്റിക്ക് കീഴിലുള്ള അക്കരങ്കര, ഉടുമ്പുന്തല, കൈക്കോട്ടുകടവ്, തെക്കേവളപ്പ്, തലിച്ചാലം, മധുരംങ്കൈ തുടങ്ങിയ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതികളുമാണ് നിലവിലുള്ളത്. എന്നാൽ പലതും കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണ് മഴക്കാലത്തും പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിനുള്ള പ്രധാന കാരണമായി നാട്ടുകാർ ആരോപിക്കുന്നത്.

തെക്കുമ്പാട് കേന്ദ്രീകരിച്ച് തലിച്ചാലം കോളനിയിലേക്ക് ലക്ഷങ്ങൾ മുടക്കി നടപ്പാക്കിയ ഒരു പദ്ധതി തുടക്കത്തിൽ തന്നെ മുടങ്ങി. അതിലെ പമ്പ് സെറ്റ് ഇലക്ട്രിക്ക് കണക്ഷൻ ഉൾപ്പെടെ പാടേ നശിച്ച നിലയിലാണുള്ളത്. ചെറുപദ്ധതികളായതിനാൽ 50 ഉം 60ഉം കുടുംബങ്ങളെ കേന്ദ്രീകരിച്ച് രൂപീകരിച്ച കമ്മിറ്റിയ്ക്കാണ് ഇത്തരം പദ്ധതികളുടെ ചുമതല. കിണറുകൾ ആവശ്യമായ ജലസമ്പന്നമല്ലാത്തതുകാരണം ഈ പദ്ധതികൾ കൂടുതൽ കുടംബങ്ങൾക്ക് വ്യാപിപ്പിക്കാനോ കുടിവെള്ളം നൽകാനോ കഴിയുന്നില്ല.

ഒളവറ, കണ്ണങ്കൈ, എടക്കൈ, ബർമ്മ, മധുരംകൈ, വയലോടി, തൃക്കരിപ്പൂർ ടൗൺ, തങ്കയം എന്നിവിടങ്ങളിലാണ് വാട്ടർ അതോറിറ്റിയുടേതായ കുടിവെള്ള പദ്ധതികൾ. ഈ പദ്ധതികളിൽ രണ്ടും മൂന്നും പതിറ്റാണ്ട് മുമ്പ് നിർമ്മിച്ച ആഴം കുറഞ്ഞ കിണറുകളും, കുറഞ്ഞ സംഭരണശേഷിയുള്ള ജലസംഭരണികളുമാണ്. ഇതിൽ തൃക്കരിപ്പൂർ ടൗണിലെ പദ്ധതി മുടങ്ങിയിട്ട് വർഷങ്ങളായി. കൂലേരി എൽ.പി സ്കൂളിന് സമീപം പഴകി ദ്രവിച്ച് അപകടഭീഷണി ഉയ‍ർത്തുന്ന ഈ പദ്ധതിയുടെ കിണറും ജലസംഭരണിയുമൊക്കെ ഉപയോഗശൂന്യമാണ്.

പഞ്ചായത്ത് ഫണ്ടുകൾ

എവിടെ പോകുന്നു?​


കുടിവെള്ള പദ്ധതികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വർഷാവർഷം പഞ്ചായത്ത് പദ്ധതിയിൽ കുടിവെള്ളത്തിനായി നീക്കിവയ്ക്കുന്ന തുക വാട്ടർ അതോറിറ്റിക്ക് കൈമാറുന്നുണ്ടെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. എന്നാൽ ഇതൊന്നും എവിടെയും കാണാനില്ല.

വെള്ളം കിട്ടില്ല,​ പണം അടയ്ക്കണം

പദ്ധതിയിൽ നിന്നുള്ള കുടിവെള്ളം ഇല്ലെങ്കിലും വീടുകളിലേക്ക് കണക്ഷൻ എടുത്ത ഉപഭോക്താക്കൾ മിനിമം ചാർജ്ജ് അടച്ചുകൊണ്ടിരിക്കണം. ജലസമ്പന്നത നോക്കാതെയുള്ള പദ്ധതികളാണ് വാട്ടർ അതോറിറ്റി നടപ്പിലാക്കുന്നതെന്നും പറയുന്നു. ഇതാണ് ഓരോ പദ്ധതികളിൽ നിന്നും വേണ്ടത്ര വെള്ളം കിട്ടാത്ത അവസ്ഥയിലാകുന്നത്.

പാലായി പദ്ധതി രൂപപ്പെടുത്തുമ്പോൾ തൃക്കരിപ്പൂർ, വലിയപറമ്പ്, പടന്ന, പിലിക്കോട്, ചെറുവത്തൂർ, നീലേശ്വരം നഗരസഭ എന്നിവിടങ്ങളിൽ കൂടി സർവ്വേ നടത്തിയിരുന്നുവെങ്കിലും നീലേശ്വരം നഗരസഭ, ചെറുവത്തൂർ, വലിയപറമ്പ പഞ്ചായത്തുകൾ ഈ പദ്ധതിയിലുൾപ്പെടുത്തിയതായാണ് വിവരം. പിലിക്കോട്, തൃക്കരിപ്പൂർ പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തിയാൽ തീരദേശ മേഖലകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാം. എം.എൽ.എ എം. രാജഗോപാലും ജില്ലാ ഭരണകൂടവും ഇടപെട്ട് പാലായി ശുദ്ധജല പദ്ധതിയിൽ തൃക്കരിപ്പൂരിനെയും ഉൾപ്പെടുത്തണം.

നാട്ടുകാർ