കാസർകോട്: തൊഴിൽ ആവശ്യങ്ങൾക്ക് കർണാടകയിലേക്ക് ദിവസേന പോയി വരുന്ന കാസർകോട് ജില്ലക്കാർക്ക് പ്രത്യേക രജിസ്‌ടേഷൻ, പാസ് എന്നിവ ആവശ്യമില്ലെന്ന് കോർകമ്മിറ്റി. കർണാടകയിൽ സ്ഥിരമായി താമസിക്കുകയും കാസർകോട് ജില്ലയിൽ ദിവസവും വന്നു പോവുകയും ചെയ്യുന്നവർ 21 ദിവസത്തിൽ ഒരു തവണ വീതം കൊവിഡ് ജാഗ്രത വെബ് പോർട്ടലിൽ ആന്റിജൻ പരിശോധന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണമെന്ന് കോർകമ്മിറ്റിയോഗം നിർദ്ദേശിച്ചു.
ഇവർക്ക് ജാൽസൂർ, പെർള, പാണത്തൂർ, മാണിമൂല, ബന്തടുക്ക എന്നീ റോഡുകൾ വഴിയും കർണാടകയിലേക്കും തിരിച്ചും യാത്ര ചെയ്യാം. ചരക്കു വാഹനങ്ങൾക്ക് അടക്കം ഈ റോഡുകളിൽ ഗതാഗതത്തിന് നിയന്ത്രണമില്ല. ഇതര സംസ്ഥാനങ്ങളിൽ സ്ഥിരമായി താമസിക്കുന്നവർക്ക് കാസർകോട് ജില്ലയിൽ താമസത്തിനായി വരുമ്പോൾ പാസ് ആവശ്യമില്ലെന്നും കൊവിഡ് 19 ജാഗ്രത വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും ആന്റിജൻ പരിശോധന റിപ്പോർട്ട് അപ്ലോഡ് ചെയ്യുകയും ചെയ്താൽ മതിയാകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. എന്നാൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐ.സി.എം ആറിന്റേയും മാർഗനിർദ്ദേശപ്രകാരമുള്ള 14 ദിവസം ക്വാറന്റൈൻ അനിവാര്യമാണ്.
കൊവിഡ് 19 ജാഗ്രത വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് ദേശീയപാത 66 കൂടാതെ ജില്ലയിൽ തുറന്ന നാല് ലോഡുകൾ വഴിയും പോയി വരാമെന്നും ജില്ലാ കളക്ടർ ഡോ.സജിത് ബാബു അറിയിച്ചു.
അടിയന്തര സാഹചര്യത്തിൽ കർണാടകയിലേക്ക് യാത്ര ചെയ്ത് 24 മണിക്കൂറിനകം മടങ്ങി വരുന്നവർക്കും ക്വാറന്റൈൻ ആവശ്യമില്ല. അതിർത്തി പഞ്ചായത്തുകളിലുള്ളവർക്ക് തൊട്ടടുത്ത പഞ്ചായത്തിലേക്ക് യാത്ര ചെയ്യുന്നതിന് തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതി. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് കേരളത്തിലേയും കർണാടകത്തിലേയും അതിർത്തി പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ ചർച്ച ചെയ്ത് തീരുമാനിക്കണമെന്ന് കോർ കമ്മിറ്റി യോഗം നിർദ്ദേശിച്ചു.
യോഗത്തിൽ കളക്ടർ ഡോ.ഡി സജിത് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, എ.ഡി.എം എൻ. ദേവീദാസ്, ഡി.എം.ഒ ഡോ. എ.വി രാംദാസ്, ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, കോർകമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.