മട്ടന്നൂർ: എടവേലിക്കലിൽ ആർ.എസ്.എസ്. പ്രവർത്തകനെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. എടവേലിക്കലെ രമ്യാ നിവാസിൽ പി.രഞ്ജിത്തി (29) നെയാണ് ഇരു കൈകൾക്കും വെട്ടേറ്റ പരിക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സി.പി.എം. പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് ബി.ജെ.പി മട്ടന്നൂർ മണ്ഡലം കമ്മറ്റി ആരോപിച്ചു. ഗർഭിണിയായ സഹോദരിയെ ആശുപത്രിയിൽ കൊണ്ടു പോകുവാൻ ഇറങ്ങുന്നതിനിടെയാണ് അക്രമമുണ്ടായത്. ആശുപത്രിയിൽ കൊണ്ടു പോകുവാനായി എത്തിയ ടവേര കാറും തകർത്തിട്ടുണ്ട്. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന മേഖലയിൽ സി.പി.എം. അക്രമം അഴിച്ചുവിടുകയാണെന്ന് ബി.ജെ.പി പ്രസിഡന്റ് മണ്ഡലം രാജൻ പുതുക്കുടി ആരോപിച്ചു. സംഭവത്തിൽ എട്ട് സി.പി.എം. പ്രവർത്തകരുടെ പേരിൽ മട്ടന്നൂർ പൊലീസ് കേസെടുത്തു.