പഴയങ്ങാടി: വെങ്ങര ഹിന്ദു എൽ.പി.സ്കൂളിന് സമീപത്തെ ഇ. എം.എസ്.സാംസ്കാരിക നിലയം ആൻഡ് ഗ്രന്ഥാലയത്തിൽ പ്രവർത്തിക്കുന്ന സി.പി.എം വെങ്ങര ബ്രാഞ്ച് ഓഫീസിന് നേരെ ആക്രമണം. ഓഫീസിലെ ബാനറുകളും കൊടിതോരണങ്ങളും തീയിട്ട് കത്തിച്ച നിലയിലാണ്. മൂന്ന് കൊടിമരങ്ങളൂം സ്തൂപങ്ങളും തകർത്ത നിലയിലും രണ്ട് കൊടിമരങ്ങൾ കടത്തികൊണ്ട് പോയ നിലയിലുമാണ്.
വെങ്ങര കിയ്യച്ചാൽ, മാടായിപ്പാറ വണ്ണംതടം, ചെമ്പല്ലിക്കുണ്ട് ,വെങ്ങര മുക്കിലെ എ.കെ.ജി സെന്റർ, റെയിൽവേ ഗേറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ സി.പി.എം- ഡി. വൈ. എഫ്.ഐ.സംഘടനകളുടെ കൊടിമരങ്ങളും പിഴുതുമാറ്റിയ നിലയിലാണ്. ഇന്നലെ പുലർച്ചയോടെയാണ് അക്രമണം നടത്തിയതെന്ന് കരുതപ്പെടുന്നു. അക്രമത്തിന് പിന്നിൽ കോൺഗ്രസുകാരാണെന്ന് കാണിച്ച് ബ്രാഞ്ച് സെക്രട്ടറി കെ.പി.രാജീവൻ പഴയങ്ങാടി പൊലീസിൽ പരാതി നൽകി. പഴയങ്ങാടി എസ്.ഐ ഇ.ജയചന്ദ്രനും സംഘവും സ്ഥലത്തെത്തി.