കണ്ണൂർ: ഗുണ്ടാസംഘങ്ങൾ നടത്തിയ അക്രമത്തിനിടയിൽ നടന്ന കൊല കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് സർക്കാർ ശ്രമമെന്ന് കെ. സുധാകരൻ എം.പി പറഞ്ഞു. ജില്ലയിലെ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ നടക്കുന്ന സി.പി.എം അക്രമം അവസാനിപ്പിക്കുക, കേരളത്തിൽ സമാധാനം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി സ്റ്റേഡിയം കോർണറിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മരണത്തിൽ തങ്ങൾക്കും ദുഃഖമുണ്ട്. എന്നാൽ ഒരു എം.എൽ.എയുടെ കരച്ചിൽ കണ്ടപ്പോൾ ചിരിയാണ് തോന്നിയത്. കാരണം ഡി.വൈ.എഫ്‌.ഐക്കാരന്റെ ജീവന് ഒരു വില, മറ്റുള്ളവരുടെ ജീവന് വേറൊരു വില എന്ന തരത്തിലാണ് അവരുടെ കാഴ്ചപ്പാട്. വെട്ടിനുറുക്കാൻ കത്തികൊടുത്ത് വിടുന്ന സംസ്‌കാരമല്ല കോൺഗ്രസിന്റേത്. പിണറായി വിജയൻ സർക്കാർ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്നും സുധാകരൻ പറഞ്ഞു. വി.വി. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, പ്രൊഫ. എ.ഡി. മുസ്തഫ, കെ.സി. മുഹമ്മദ് ഫൈസൽ എന്നിവർ പ്രസംഗിച്ചു.