കാസർകോട്: ജില്ലയിൽ ഉദ്യോഗസ്ഥരുടെ അഭാവംമൂലം വിവിധ വികസന പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്നതിൽ പ്രതിഷേധിച്ച് എൻ.എ നെല്ലിക്കുന്ന് എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ജില്ലാ പഞ്ചായത്തിലെ എൽ.എസ്.ജി.ഡി വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു ഉപരോധം. ജില്ലയിൽ നിരവധി ഉദ്യോഗസ്ഥരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.

എൽ.എസ്.ജി.ഡി കാസർകോട് ഡിവിഷൻ ഓഫീസ്, സബ് ഡിവിഷൻ ഓഫീസുകൾ, സെക്ഷൻ ഓഫീസുകൾ എന്നിവിടങ്ങളിലും എൻജിനിയർമാരുടെയും മറ്റു ജീവനക്കാരുടെയും ഒഴിവുകളാണുള്ളത്. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുൽ ഖാദർ, മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ. എ ജലീൽ, ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ കൃഷ്ണഭട്ട്, മധൂർ പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ്, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ. പുണ്ടരികാക്ഷ, കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമത്ത് സുഹറ തുടങ്ങിയവർ പങ്കെടുത്തു.