പേരാവൂർ: മികച്ച ബാലസൗഹൃദ പഞ്ചായത്തിനുള്ള ദേശീയ അംഗീകാരം പേരാവൂർ ഗ്രാമ പഞ്ചായത്തിന് ലഭിച്ചു. പുരസ്‌കാരത്തോടൊപ്പം അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ലഭിച്ചത്. അവാർഡ് തുകയായ അഞ്ചുലക്ഷം രൂപ കുട്ടികളുടെ ഉന്നമനത്തിന് ഉപയോഗിക്കുമെന്ന് ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ പേരാവൂരിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കൊവിഡായതിനാൽ ഡൽഹിയിൽ ചെന്ന് അവാർഡ് കൈപ്പറ്റാൻ കഴിയാത്ത സാഹചര്യത്തിൽ തപാലിലയച്ച അവാർഡ് വ്യാഴാഴ്ചയാണ് പഞ്ചായത്തിൽ ലഭിച്ചത്. പഞ്ചായത്ത് പരിധിയിലെ പാർശ്വവല്കരിക്കപ്പെട്ട കുട്ടികൾക്ക് സമസ്ത മേഖലകളിലും സഹായങ്ങളെത്തിച്ചതിനാലാണ് ദേശീയ പുരസ്‌കാരം ലഭിച്ചതെന്ന് പ്രസിഡന്റ് ജി.ജി .ജോയ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് വി.ബാബു, അംഗങ്ങളായ വി. ഗീത, ഷീബ ബാബു, സുരേഷ് ചാലാറത്ത്, സെക്രട്ടറി പ്രീത ചെറുവളത്ത് എന്നിവരും സംബന്ധിച്ചു.