ഇരിട്ടി: നടുവനാടിലെ കോൺഗ്രസ് ഓഫീസായ പ്രിയദർശിനി സ്മാരക മന്ദിരത്തിനു നേരെ അക്രമം. ഓഫീസിലെ ജനൽ ചില്ലുകൾ പൂർണമായും തകർന്നു. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് സംഭവം. രണ്ട് ബൈക്കുകളിലായി എത്തിയ അക്രമികൾ വലിയ കരിങ്കല്ലുകൾ എറിഞ്ഞാണ് ജനൽ ഗ്ലാസുകൾ പൂർണ്ണമായും തകർത്തത്. കോൺഗ്രസ് നടുവനാട് ബൂത്ത് കമ്മിറ്റിയുടെ പരാതിയെ തുടർന്ന് മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഓഫീസിനോടടുത്ത സ്വകാര്യ സ്ഥാപനത്തിലെ സിസി ടിവി യിൽ വാഹനം വരുന്നതും പോകുന്നതും പതിഞ്ഞിട്ടുണ്ട്. അന്വേഷണം കാര്യക്ഷമമായി നടത്തി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, അഡ്വ.സണ്ണി ജോസഫ് എം.എൽ.എ, കെ.പി.സി.സി മെമ്പർ ചന്ദ്രൻ തില്ലങ്കേരി, ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗ്ഗീസ്, മണ്ഡലം പ്രസിഡന്റ് പി.എ നസീർ, കെ.വി. രാമചന്ദ്രൻ, തുടങ്ങിയവർ സന്ദർശിച്ചു.