teachers
പ്രമോദ് അടുത്തിലയും എം.വി പ്രകാശനും

കാസർകോട്: കലകളെയും പരിശീലനങ്ങളെയും ജീവിതത്തിന്റെ ഭാഗമാക്കിയ സർഗ്ഗവഴികളിലെ ചങ്ങാതിമാരായ അദ്ധ്യാപകർ ബഹുമതിയിലും ഒരുമിച്ചത് ശ്രദ്ധേയം. കലകളും വർണ്ണങ്ങളും ജീവിതത്തിന്റെ ഭാഗമാക്കി അദ്ധ്യാപന വഴികളിലൂടെ കുരുന്നുകൾക്ക് പകർന്നുനൽകുന്നതിൽ കാണിച്ച മാതൃകാപരമായ പ്രവർത്തന ശൈലിയാണ് പ്രമോദ് അടുത്തിലയെയും എം.വി പ്രകാശനെയും സംസ്ഥാന അദ്ധ്യാപക അവാർഡെന്ന ബഹുമതിയിലെത്തിച്ചത്. കൊവിഡ് ലോക്ക് ഡൗൺ കാലത്ത് വിക്ടർ ചാനലിൽ തുടങ്ങിയ ഓൺലൈൻ ക്‌ളാസിന് നിറം പകരാൻ ആത്മാർത്ഥമായി അരങ്ങിലും അണിയറയിലും ആത്മാർഥമായി പരിശ്രമിച്ചു കൊണ്ടിരിക്കെയാണ് സംസ്ഥാന അദ്ധ്യാപക അവാർഡ് ഇരുവരെയും തേടിയെത്തിയത്.

ഓൺലൈൻ ക്‌ളാസിന്റെ ദൃശ്യങ്ങൾ മനോഹരമാക്കാനുള്ള ചുമർ ചിത്രങ്ങൾ മുതൽ പഠനോപകരണങ്ങൾ വരെ നിർമ്മിച്ച് നൽകിവരുന്നത് ഈ ചങ്ങാതിമാരായ അദ്ധ്യാപകരാണ്. പാവനിർമ്മാണവും, ചിത്രംവരയും കുട്ടികൾക്കും അദ്ധ്യാപകർക്കുമുള്ള പരിശീലനവുമൊക്കെയായി സ്കൂൾ ജീവിതത്തിൽ ഒരേവഴിയിലൂടെ സഞ്ചരിക്കുന്നവരാണ് അവാർഡ് ജേതാക്കളായ കാസർകോട് ജില്ലയിലെ ചെറുവത്തൂർ കൊവ്വൽ എ.യു.പി സ്കൂൾ അദ്ധ്യാപകൻ പ്രമോദ് അടുത്തിലയും കണ്ണൂർ ജില്ലയിലെ രാമന്തളി പഞ്ചായത്ത് എൽ.പി സ്കൂൾ അദ്ധ്യാപകൻ എം.വി പ്രകാശനും. വിക്ടേഴ്സ് ചാനൽ ഒന്നാം തരം ഓൺലൈൻ ക്ലാസിന്റെ അണിയറയിൽ സജീവമായ ഇരുവരും അടുത്തിടെ സ്ക്രീനിലും പ്രത്യക്ഷപ്പെട്ടിരുന്നു. പ്രകാശൻ മാഷ് ഒന്നാംതരത്തിലെ ഇംഗ്ലീഷ് ക്‌ളാസിൽ ചക്കക്കുരു കൊണ്ട് ഉറുമ്പുകളെ നിർമ്മിക്കുന്നത് പരിചയപ്പെടുത്തിയാണ് ഓൺലൈൻ ക്‌ളാസിന്റെ സ്‌ക്രീനിലെത്തിയത്. ഇത് വൈറലാവുകയും ലക്ഷകണക്കിന് കുഞ്ഞുങ്ങൾ ഉറുമ്പ് നിർമ്മാണം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

പ്രമോദ് അടുത്തില ആറാം ക്‌ളാസിലെ കുട്ടികൾക്ക് പാവനാടകത്തെ പരിചയപ്പെടുത്താനാണ് അരങ്ങിൽ എത്തിയത്. ദേശീയ കലാവിഭാഗം പരിശീലകനാണ് പ്രമോദ് അടുത്തില. പ്രവൃത്തി പരിചയ ക്ലബ്ബ് അസോസിയേഷൻ ഉപജില്ലാ സെക്രട്ടറി, ഗിഫ്റ്റഡ് ചിൽഡ്രൺ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല കോ-ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. രണ്ടായിരത്തോളം ശിൽപശാലകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. പഴയങ്ങാടി അടുത്തിലയിലെ പരേതനായ കെ. രാഘവൻ നായരുടെയും പി.വി. തങ്കം ടീച്ചറുടെയും മകനാണ്. ഇപ്പോൾ പയ്യന്നൂർ അന്നൂരിൽ താമസിക്കുന്നു. ഭാര്യ: എ.കെ.രസിത. മകൻ: ജിഷ്ണുപ്രമോദ്.

ഹലോ ഇംഗ്ലീഷ് സംസ്ഥാന റിസോഴ്സ് പേഴ്സണായ എം.വി പ്രകാശൻ പയ്യന്നൂർ പടോളി സ്വദേശിയാണ്. അഞ്ഞൂറിലധികം കരകൗശല നിർമ്മാണ പരിശീലനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ജൂഡോ സംസ്ഥാന റഫറി കൂടിയാണ്. ഷീബയാണ് ഭാര്യ. പ്രജുൽ പ്രകാശ്, അതുൽ പ്രകാശ് എന്നിവർ മക്കളാണ്.