പയ്യന്നൂർ: മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഗാനങ്ങൾ അടങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ വീഡിയോ ആൽബം സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാകുന്നു. പയ്യന്നൂർ കണ്ടങ്കാളി ഷേണായി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനും ഡോട്ട് ചിത്രകാരനുമായ സുരേഷ് അന്നൂരിന്റ മകൾ ഗോപികയാണ് നവമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
സംഗീതത്തെ നെഞ്ചോടുചേർത്ത കലാകുടുംബത്തിലെ ഇളംതലമുറക്കാരി പാടി അഭിനയിച്ച ഓണപ്പാട്ടിനെ അഭിനന്ദിച്ചവർ നിരവധിയാണ്. പ്രൊഫഷണൽ കാമറയെപോലും വെല്ലുന്ന മനോഹര ദൃശ്യങ്ങൾ, വീഡിയോ ആൽബത്തിനായി മൊബൈൽ ഫോണിൽ പകർത്തിയത് പയ്യന്നൂരിനടുത്ത പെരളത്തും പരിസരപ്രദേശങ്ങളിൽ നിന്നുമാണ്. ഗോപികയുടെ പിതാവ് സുരേഷ് അന്നൂർ തയ്യാറാക്കിയ വീഡിയോ ആൽബത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ച വിനോദ് കാനക്കൊപ്പം ഇതിന്റെ സഹസംവിധാനം ഗോപികയുടെ സഹോദരി അന്നൂർ യു.പി.സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി രാധികയാണ് നിർവഹിച്ചിരിക്കുന്നത്.
വീഡിയോ യൂട്യൂബിൽ ലഭ്യമാണ്. പയ്യന്നൂരിലെ തപസ്യ വേണുവിൽ നിന്നും ശാസ്ത്രീയ സംഗീതവും അന്നൂർ കലാമണ്ഡപം ഗിറ്റു ജോയിൽ നിന്നും വയലിനും അഭ്യസിച്ചു വരുന്ന ഗോപിക കഴിഞ്ഞ സംസ്ഥാന കേരള സ്‌കൂൾ കലോത്സവ വിജയിയായിരുന്നു.