vinod-mash
കെ. വിനോദ് കുമാർ ക്ളാസ് മുറിക്ക് പുറത്ത് വിദ്യാർത്ഥികളുമായി

തലശ്ശേരി: ഒരു വ്യാഴവട്ടക്കാലത്തിന് മുമ്പ് എച്ച്.ഐ.വി എന്ന രോഗം ബാധിച്ച് സമൂഹത്തിൽ നിന്നും, കൂട്ടുകാരിൽ നിന്നും വിദ്യാലയത്തിൽ നിന്നും തീർത്തും ഒറ്റപ്പെട്ട് പോയ പിഞ്ചുസഹോദരങ്ങളുടെ ജീവിതത്തിൽ ഈ ഗുരു അക്ഷരാർത്ഥത്തിൽ ദൈവം തന്നെയായിരുന്നു. പഠിച്ചിരുന്ന വിദ്യാലയത്തിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ, നിഷ്‌ക്കളങ്കരായ ഈ കുട്ടികളെ മാസങ്ങളോളം പഠിപ്പിക്കാൻ സ്വയം സന്നദ്ധനായ മുഴക്കുന്ന് പി.പി. രാഘവൻ മെമ്മോറിയൽ യു.പി.സ്‌കൂൾ അദ്ധ്യാപകൻ കെ. വിനോദ് കുമാറിന് അദ്ധ്യാപനം എന്നത് കേവലം ഒരു തൊഴിലല്ല. സാമൂഹ്യ സേവനത്തിനുള്ള ഒരു കർമ്മമേഖലയാണ്.

കുട്ടികളുടെ സർഗ്ഗശേഷി കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞ 15 വർഷക്കാലമായി സർഗ്ഗ കലാ സാഹിത്യ വേദിയുടെ കീഴിൽ മാഷ് പരിശീലന പരിപാടികൾ നടത്തിവരികയാണ്. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഇരിട്ടി ഉപജില്ല കോ-ഓർഡിനേറ്റർ കൂടിയാണ് ഈ സർവകലാവല്ലഭൻ. രണ്ട് ദശകങ്ങളായി ആലച്ചേരി ജ്ഞാനോദയം വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ സെക്രട്ടറിയാണ്. നാട്ടിലെ കലാസാഹിത്യ പ്രവർത്തനങ്ങളുടെ പ്രഭവകേന്ദ്രമാണ് ഈ ഗ്രന്ഥപ്പുര .പഴശ്ശിരാജാ കളരി അക്കാഡമിയുടെ സെക്രട്ടറി കൂടിയായ മാസ്റ്റർ, കാക്കയങ്ങാട്ട് കുട്ടികളുടെ സൗജന്യ കളരി പരിശീലനത്തിന് നേതൃത്വം നൽകി വരികയാണ്. ഇവിടെ 50 കുട്ടികൾ പരിശീലനം നേടി വരുന്നുണ്ട്.
ജീവകാരുണ്യ മേഖലയിൽ കർമ്മനിരതനായ മാസ്റ്റർ, കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എറണാകുളത്തും, പിന്നീട് വയനാട്ടിലും സജീവമായി ദിവസങ്ങളോളം രംഗത്തുണ്ടായിരുന്നു.
അഞ്ച് വർഷക്കാലം ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. നിലവിൽ ബ്ലോക്ക് തല ആസൂത്രണ സമിതി വൈസ് ചെയർമാനാണ്. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ പരിസ്ഥിതി, നവോത്ഥാന പ്രശ്നങ്ങളിൽ നിരന്തരം ഇടപെട്ട് വരുന്ന മാസ്റ്റർ, മികച്ച സംഘാടകനും, പ്രഭാഷകനുമാണ്. ഒരു നാടിന്റെ തന്നെ ഗുരുനാഥനായി വിനോദ് കുമാർ മാറിയിട്ട് കാലം കുറച്ചായി. വിദ്യാഭ്യാസ മേഖല വ്യാപാരവൽക്കരിക്കപ്പെടുകയും, അദ്ധ്യാപനം വിൽപ്പനച്ചരക്കായി മാറുകയും ചെയ്ത വർത്തമാനകാലത്ത് വിനു മാഷ് നാടിന്റെ വഴിവിളക്കായി പ്രകാശം ചൊരിയുകയാണ്.