monthal
അടച്ചിട്ടിരിക്കുന്ന മോന്താൽ പാലം

മാഹി: കണ്ണൂർ-കോഴിക്കോട് ജില്ലാ അതിർത്തിയിലെ മോന്താൽ പാലം തുറക്കാത്തതു കൊണ്ട് നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിൽ. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് മോന്താൽ പാലം അടച്ചത്. കുറേ വാഹനങ്ങൾ അഴിയൂർ, മാഹി വഴി പോവുന്നതുകൊണ്ട് ഈ ഭാഗത്തെ ദേശീയപാതയിൽ ഗതാഗതക്കുരുക്കും പതിവാകുന്നു.

മറ്റു വാഹനങ്ങൾ എടച്ചേരി വഴി ഏറേ ചുറ്റി സഞ്ചരിക്കുന്നു. കൊവിഡ് വ്യാപനത്തിന്റെ പേരിൽ പലപ്പോഴായി അടച്ചിട്ട പാലം ഏറെ പ്രതിഷേധത്തിനു ശേഷം കഴിഞ്ഞ ദിവസം തുറന്നെങ്കിലും, 18ന് വീണ്ടും അടച്ചു. പാലത്തിന്റെ ഇരുഭാഗത്തും വാഹനങ്ങൾ നിർത്തിയാണ് ആളുകൾ മറുഭാഗത്തേക്ക് നടന്നു പോവുന്നത്. കണ്ണൂർ ജില്ലാ പൊലീസാണ് പാലം അടച്ചത്.

പാലം തുറക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഭാഗത്തുള്ളവർ ചൊക്ലി പൊലീസുമായി ബന്ധപ്പെട്ടെങ്കിലും, കൊവിഡ് വ്യാപനം തടയാൻ അടച്ചിട്ടതാണെന്ന മറുപടിയാണ് കിട്ടിയത്. അത്യാവശ്യ വാഹനങ്ങളും ആംബുലൻസുകളും പോലും കടന്നുപോകാൻ കഴിയാതെ പ്രതിസന്ധിയിലാവുകയാണ്. പാലം അടയ്ക്കുന്ന വിവരം അറിയാത്തവരാണ് കിലോമീറ്ററുകൾ സഞ്ചരിച്ച് പാലത്തിലെത്തി മടങ്ങുന്നത്. ഈ പാലം തുറക്കാത്തത് വ്യാപകമായ പ്രതിഷേധങ്ങൾക്കിടയാക്കുന്നുണ്ട്.

രോഗികൾക്കും മട്ടന്നൂർ എയർപോർട്ട് വഴി വരുന്നവർക്കും വലിയ പ്രയാസമാണ് ഈ അടച്ചിടൽ ഉണ്ടാക്കുന്നത്. ബസ് സർവ്വീസും നിലച്ചിരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾക്ക് പോലും യാത്ര അനുവദിക്കാത്തത് കാരണം ദിവസേന ജോലിക്കും മറ്റും പോകേണ്ടവർക്കും പ്രയാസം നേരിടുകയാണ്.

കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ നിയന്ത്രണങ്ങളോടെ മോന്താൽ പാലം തുറക്കാൻ സംവിധാനമുണ്ടാക്കണം.

പ്രദീപ് ചോമ്പാല, താലൂക്ക് വികസന സമിതി അംഗം