പാനൂർ: വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തിന്റെ മറവിൽ ജില്ലാ നേതൃത്വത്തിന്റെ അറിവോടെ ആസൂത്രിതമായി ജില്ലയിൽ സി.പി.എം അക്രമം നടത്തുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി. കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ ആരാധനാലയമായ പൂവ്വത്തൂർ ശ്രീ നാരായണ മഠത്തിന് നേരെ അക്രമം നടത്തിയത് അതീവഗൗരവമുള്ളതും വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രദേശത്ത് കോൺഗ്രസ് സ്തൂപത്തിന് നേരെയും ശ്രീനാരായണ സേവാ സമിതിയുടെ നിയന്ത്രണത്തിലുള്ള വായനശാലയും വിശ്രമ കേന്ദ്രവും സിസി ടിവി കാമറകളും ആക്രമിച്ചു തകർത്തിരുന്നു. സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ അക്രമം നടന്ന പ്രദേശങ്ങൾ സന്ദർശിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി.സാജു, പി.കെ. സതീശൻ, ബ്ലോക്ക് പ്രസിഡന്റ് രാജൻ പുതുശ്ശേരി, പഞ്ചായത്ത് അംഗം റോബർട്ട് വെള്ളാംവെള്ളി, കെ. ലോഹിതാക്ഷൻ, കെ.കെ. അശോകൻ, ചോയൻ ബാലകൃഷ്ണൻ എന്നിവർ കൂടെയുണ്ടായിരുന്നു.