കാഞ്ഞങ്ങാട്: ഫിസിയോതെറാപ്പിസ്റ്റുമാരെ നിയമിക്കാൻ പി.എസ്.സി നടത്തുന്ന പരീക്ഷയ്ക്ക് തിരുവനന്തപുരത്ത് മാത്രം കേന്ദ്രം നിശ്ചയിച്ചത് ഉദ്യോഗാർഥികളെ ആശങ്കയിലാക്കി. കേരളത്തിന്റെ വടക്കൻ ജില്ലയിലുള്ളവരും കൊവിഡ് കണ്ടെയിൻമെന്റ് സോണിലുള്ളവരും എങ്ങനെ പരീക്ഷയ്‌ക്കെത്തുമെന്ന ആശങ്കയാണ് ഉദ്യോഗാർത്ഥികളെ ആശങ്കയിലാക്കുന്നത്.
ആരോഗ്യവകുപ്പിൽ 25 ഫിസിയോതെറാപ്പിസ്റ്റുമാരുടെ ഒഴിവാണുള്ളത്. ഇടുക്കി, വയനാട്, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിലായി പുതുതായി സൃഷ്ടിച്ച തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. കൂടാതെ വിരമിച്ച ഒഴിവുകൾ വേറെയുമുണ്ട്. ആയുർവേദ വിഭാഗത്തിൽകൂടി നിയമിക്കാനാണ് പരീക്ഷ നടത്തുന്നത്. രണ്ടു പരീക്ഷക്കും അപേക്ഷിച്ചവർക്കാണ് തിരുവനന്തപുരം പരീക്ഷാകേന്ദ്രം നിശ്ചയിച്ചിട്ടുള്ളത്.
ഒരു തസ്തികയിലേക്ക് അപേക്ഷിച്ചവർക്ക് എല്ലാ ജില്ലയിലും പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടുണ്ട്. അപേക്ഷിച്ചവരിലേറെയും രണ്ടു പരീക്ഷയും എഴുതുന്നവരാണ്. ഇവർക്കാണ് തിരുവനന്തപുരത്തുമാത്രമായി പരീക്ഷാകേന്ദ്രം അനുവദിച്ചത്.
ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കാനുള്ള പരീക്ഷ നടത്തുന്നത് 10 വർഷത്തിനു ശേഷം
ദിവസക്കൂലിക്കാരാണ്
ഇപ്പോഴുള്ളത്
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി, ഹോമിയോ, ആയുർവേദ ആശുപത്രികളിലെ ഒഴിവുകളിൽ ആയിരക്കണക്കിനാളുകൾ ദിവസക്കൂലിക്ക് ജോലി ചെയ്യുകയാണ്. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇവർക്ക് വേതനം നൽകുന്നത്. തുച്ഛമായ വേതനത്തിന് പത്തും പതിനഞ്ചും വർഷം ജോലിചെയ്യുന്നവരാണ് ഈ മേഖലയിൽ ഭൂരിഭാഗവും. ഇവരുടെ വേതനഘടനയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കിയിട്ടും അത് നടപ്പാക്കാൻ തയ്യാറാകാത്ത സ്ഥിതിയുമുണ്ട്.