പാനൂർ: 'വിശ്വവിജയി വാഗ്ഭടാനന്ദൻ" എന്ന വാഗ്ഭടാനന്ദ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ഡോക്യുഫിക്ഷന്റെ അസോസിയേറ്റ് ഡയറക്ടരും ആർട്ട് ഡയറക്ടരും സഹസംവിധായകനും, നടനും, പാട്യം വെസ്റ്റ് യു.പി സ്ക്കൂൾ അദ്ധ്യാപകനും കേരള ആത്മവിദ്യാ സംഘം പാട്യം യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ കെ. മനോജ് ഓർമ്മയായി. മികച്ച കാമറാമാനായിരുന്ന മനോജ് നാടിന്റെ നാനാഭാഗങ്ങളിലുള്ള നിരവധി കലാകാരന്മാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
വിശ്വവിജയി വാഗ്ഭടാനന്ദന് പുറമെ മറ്റൊരു ഹ്രസ്വചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രകലാ അദ്ധ്യാപകന്റെ വിവിധ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ അറിവ് ശിഷ്യഗണങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്നു. ജില്ലാ തലത്തിൽ അറിയപ്പെടുന്ന റിസോഴ്സ് പേഴ്സനായ മനോജ് പ്രവൃത്തി പരിചയമേളയിലും, കളിമണ്ണ് ശില്പങ്ങൾ, കോക്കനട്ട് ഷെൽവർക്ക് മുതലായവയിൽ കുട്ടികളെ ഒരുക്കുന്നതിൽ പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
മനോജ് സത്യസന്ധമായി പ്രതികരിക്കുന്നതിൽ മറ്റുള്ളവരുടെ മുഖം നോക്കാറില്ല. "ഭൂമിയിലെ ഹരിത പ്രതീക്ഷ'' എന്ന സംഘടനയുടെ വൈസ് പ്രസിഡന്റായ അദ്ദേഹം ചീഞ്ഞ മത്സ്യം കെമിക്കൽ ചേർത്ത് വില്പന നടത്തിയതിനെതിരെയുള്ള പോരാട്ടത്തിൽ പ്രസിഡന്റ് ഡോ. സചീന്ദ്രനൊടൊപ്പം സംഘടനയുടെ മുന്നിലുണ്ടായിരുന്നു. പൂക്കോട് മഹാത്മാ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ സെക്രട്ടറിയായും മനോജ് പ്രവർത്തിച്ചിരുന്നു. നന്മയുടെ പക്ഷം ചേർന്നു മുഖം നോക്കാതെ സത്യസന്ധമായി എന്നും പ്രതികരിക്കുന്ന മനോജ് മാഷിന് സഹപ്രവർത്തകരും നാട്ടുകാരും അന്തിമോപചാരമർപ്പിച്ചു.