മാതമംഗലം: തലമുറകൾ കൈമാറി വരുന്ന കാർഷിക പാരമ്പര്യം ആണ് കടന്നപ്പള്ളിയുടെ പ്രത്യേകത. കാർഷികരംഗത്തെ നേട്ടങ്ങളിലേക്കുള്ള ഇവരുടെ കുതിപ്പിന് പിന്നിൽ കൃഷി മുഖ്യതൊഴിലാക്കി മാറ്റിയ ഇവിടുത്തെ ജനതയുടെ കഠിനാധ്വാനം.
നെല്ലും പാലും മാത്രമല്ല പച്ചക്കറി ഉത്പാദനത്തിലും സ്വയംപര്യാപ്തമാണ് പഞ്ചായത്ത്. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പൂർണ അർത്ഥത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കുകയാണ് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത്. പാണപ്പുഴ വില്ലേജിൽ ഏഴുംവയൽ പ്രദേശത്ത് ഹരിത ഗ്രൂപ്പംഗങ്ങൾ കൃഷിഭവന്റെ നേതൃത്വത്തിൽ 10 ഏക്കറിലധികം വരുന്ന തരിശുഭൂമിയെ പച്ചയണിയിച്ചു കഴിഞ്ഞു .
പാട്ടത്തിനെടുത്ത ഭൂമിയിൽ വാഴ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, പയർ, പാവൽ, പടവലം ,വെണ്ട, മത്തൻ, കുമ്പളം തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും ഉണ്ട്. കീടനിയന്ത്രണം പ്രകൃതി സൗഹൃദമാക്കാൻ ചെണ്ടുമല്ലിയും ചോളവും നട്ടു പിടിപ്പിച്ചിട്ടുണ്ട്.
പൊന്നച്ചേരിയിൽ രണ്ട് ഏക്കറിലധികം പന്തൽ കൃഷി ഉൾപ്പെടെ അഞ്ചേക്കറോളം തരിശുഭൂമിയിൽ ആണ് കൃഷി. വനിത ഗ്രൂപ്പുകൾ ചേർന്ന് ജൈവ പച്ചക്കറി വ്യാപന പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിനുപുറമെ കിഴങ്ങുവർഗങ്ങളുടെ കൃഷി വേറെയും. നിലവിൽ ഒമ്പത് ഹെക്ടർ തരിശ് ഉൾപ്പെടെ ഇരുപതു ഹെക്ടർ ഭൂമിയിൽ മഴക്കാല പച്ചക്കറി കൃഷി ഇവർ നടപ്പാക്കിക്കഴിഞ്ഞു. 35 ഹെക്ടറിൽ പച്ചക്കറി കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി മികച്ച രീതിയിൽ നെൽകൃഷി നടത്തിവരുന്നുണ്ട്. നൂറേക്കർ വർധനവാണ് ഈ വർഷം പ്രതീക്ഷിക്കുന്നതെന്ന് കൃഷി ഓഫീസർ ജിതിൻ പറയുന്നു. ഭക്ഷ്യധാന്യ ഉത്പാദനത്തിന് പുറമേ മണ്ണ് ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ആയി ഉഴുന്ന് കൃഷിയും നടത്തിവരുന്നുണ്ട്. മൃഗപരിപാലനം, തേനീച്ച വളർത്തൽ, മത്സ്യകൃഷി തുടങ്ങി എട്ട് സംയോജിത കൃഷിയിടങ്ങൾ കൂടി പഞ്ചായത്തിൽ നടത്തിയിട്ടുണ്ട്.