തലശേരി : വൃദ്ധജനങ്ങളുടെ ജീവിതവിരസത അകറ്റാൻ എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ പകൽവീട് യാഥാർത്ഥ്യമായി.
കേരളത്തിലെ വൃദ്ധജനസംഖ്യാ വളർച്ചയെക്കുറിച്ച് കൃത്യമായ കാഴ്ച്ചപ്പാടോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ച മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 23 ലക്ഷം രൂപ ചെലവഴിച്ച് തോട്ടുമ്മൽ വാർഡിൽ കാവുള്ളതിൽ ക്ഷേത്ര പരിസരത്താണ് വയോജനങ്ങൾക്കായി പകൽ പരിപാലനകേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വികസന ഫണ്ടും തോട്ടുമ്മൽ വാർഡിൽ നിന്നും ജനകീയമായി സമാഹരിച്ച ഫണ്ടും ഉപയോഗിച്ചാണ് ആറ് സെന്റ് സ്ഥലം വാങ്ങിയത്. പഞ്ചായത്തിലെ ഏക വയോജനകേന്ദ്രം പ്രവർത്തനമാരംഭിക്കുന്നതോടെ പ്രദേശത്തെ ഏകാന്തത അനുഭവിക്കുന്ന വയോജനങ്ങൾക്ക് ഒരു തണലൊരുങ്ങുകയാണ്. ആലംബഹീനരായ വയോജനങ്ങൾക്ക് പകൽ പരിപാലനം എന്നതാണ് പഞ്ചായത്ത് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വ്യായാമം, വായന, മാസത്തിൽ ഒരിക്കൽ മെഡിക്കൽ ക്യാമ്പ്, ലഘുഭക്ഷണം, വിനോദം എന്നിവയ്ക്കുള്ള സൗകര്യവും ഒരു കെയർ ടേക്കറുടെ സഹായവും കേന്ദ്രത്തിലുണ്ടാവും.ചടങ്ങിൽ എ.എൻ .ഷംസീർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രമ്യ, വൈസ് പ്രസിഡന്റ് ഫസീല ഫാറൂഖ്, സ്ഥിരം സമിതി അംഗങ്ങളായ കണ്ട്യൻ ഷീബ, പി സനീഷ്, പഞ്ചായത്ത് സെക്രട്ടറി കെ.എം. മാത്യു തുടങ്ങിയവർ പങ്കെടുത്തു.
അവരെ ചേർത്തുപിടിക്കൂ...
നമ്മുടെ സംസ്ഥാനം ആരോഗ്യ സംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകിയതിനാൽ ഉയർന്ന ആയുർദൈർഘ്യമാണ് കൈവരിച്ചതെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. മുൻ തലമുറകളുടെ ത്യാഗപൂർണ്ണമായ പ്രവർത്തനമാണ് നമ്മെ ഇന്ന് കാണുന്ന നിലയിൽ എത്തിച്ചത്. ഇന്നത്തെ തലമുറ അനുഭവിക്കുന്ന സുഖ സൗകര്യങ്ങൾ അവർ ഉണ്ടാക്കിയതാണ്. അവർക്കാവശ്യമായ പരിഗണന നൽകേണ്ടതും നമ്മുടെ കടമയാണ്. വിവിധ കാരണങ്ങളാൽ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങളെ ചേർത്ത് പിടിച്ചു നാം മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നല്ല ആരോഗ്യം നിലനിർത്തുന്ന വയോജനങ്ങൾ നിരവധിയാണ്. അവർക്ക് ഇനിയും നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഇത്തരത്തിലുള്ളവരുടെ കഴിവ് പ്രയോജനപ്പെടുത്താൻ സർക്കാർ ആവിഷ്‌കരിച്ചതാണ് ഈ പദ്ധതിയെന്നും പകൽ വീടുകളിലൂടെ വയോജനങ്ങളുടെ കഴിവുകൾ പരിപോഷിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.