കണ്ണൂർ: ഓണം കഴിഞ്ഞിട്ടും കിറ്റ് കിട്ടാതെ ആയിരങ്ങൾ. ഇന്നലെയും വെള്ളകാർഡുകാർ റേഷൻ കടയിൽ പോയി തിരിച്ചു വരികയായിരുന്നു. ഇന്നു വരും നാളെ വരും എന്നല്ലാതെ കിറ്റ് ഇതുവരെയും വിതരണം പൂർത്തിയായിട്ടില്ല. കിറ്റിൽ സാധനങ്ങൾ നിറയ്ക്കുന്ന ഏരിയ കണ്ടെയ്ൻമെന്റ് സോണിലായതിനാലാണ് വിതരണം നടക്കാത്തതെന്നാണ് ചില റേഷൻ കട ഉടമകളുടെ വിശദീകരണം. ഇത്ര സമയം വരെ വിതരണം ചെയ്തിരുന്നു. ഇപ്പോൾ കഴിഞ്ഞതാണെന്ന് ഒരു വിഭാഗം കടയുടമകൾ പറയുന്നു. മറ്റുപലയിടത്തും സ്റ്റോക്കില്ലെന്ന അറിയിപ്പാണ് ലഭിച്ചിരിക്കുന്നത്.
ഉത്രാടദിനത്തിൽ തന്നെ കിറ്റിനായി കാത്തിരുന്ന് പലരും മടങ്ങുകയായിരുന്നു. ഇന്നലെയും ഗ്രാമപ്രദേശങ്ങളിലെ റേഷൻ കടകളിൽ ഇതുതന്നെയാണ് അവസ്ഥ. അഞ്ചുവരെ കിറ്റ് വിതരണം നീട്ടിയിട്ടും സമയബന്ധിതമായി കിറ്റ് വിതരണം പൂർത്തിയാക്കാൻ കഴിയാത്തത് വലിയ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.
പലർക്കും മണിക്കൂറുകൾ ക്യൂനിന്ന് ഊഴമെത്തുമ്പോൾ കിറ്റ് തീർന്നു എന്ന മറുപടിയും ലഭിച്ചിട്ടുണ്ട്. കിറ്റ് വിതരണം ചെയ്യുന്നത് സിവിൽ സപ്ലൈസ്ൽ ല് എത്തിക്കുന്നത് സപ്ലൈകോ ആണ്.
സപ്ളൈകോ പറയുന്നത്
സപ്ലൈകോയുടെ വിവിധ കേന്ദ്രങ്ങളിലൂടെ അഹോരാത്രം കിറ്റ് പായ്ക്ക് ചെയ്യുന്ന മുറയ്ക്ക് തന്നെ അവരത് റേഷൻ കടകളിലെത്തിക്കുന്നുണ്ട്. നിലവിലെ പ്രതികൂല സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും സാധനങ്ങളെത്തുന്നതിലെ തടസ്സങ്ങളും കൊവിഡ് മൂലം പായ്ക്കിംഗിനായി കൂടുതൽ പേരെ ഒരേസമയം ഉപയോഗിക്കുന്നതിനുള്ള തടസ്സവുമൊക്കെ കാരണമാണ് കിറ്റ് വിതരണം നീണ്ടുപോകുന്നത്.