കണ്ണൂർ: ജില്ലാ ആയുർവേദാശുപത്രിയിലെ ഒ.പി ബ്ലോക്ക്, ഡിജിറ്റൽ എക്സ് റേ യൂണിറ്റ്, കാന്റീൻ, കോൺഫറൻസ് ഹാൾ എന്നിവയുടെ ഉദ്ഘാടനം ഓൺലൈനായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ നിർവഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷനായി.
പരിമിതമായ സൗകര്യങ്ങളാൽ വീർപ്പുമുട്ടിയിരുന്ന കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി 80 ലക്ഷം രൂപ വകയിരുത്തിയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്. ഇതിനായി 2017-18 സാമ്പത്തിക വർഷത്തിൽ 50 ലക്ഷവും 2018-19ൽ 30 ലക്ഷവും വകയിരുത്തി. 5800 ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായി നിർമ്മിച്ച കെട്ടിടത്തിലാണ് ഒ പി ബ്ലോക്ക്, ഡിജിറ്റൽ എക്സ് റേ യൂണിറ്റ്, 200 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, കാന്റീൻ എന്നീ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി ജയബാലൻ, ജില്ലാ പഞ്ചായത്ത് അംഗം അജിത് മാട്ടൂൽ, ഡി.പി.എം ഡോ. കെ.സി അജിത് കുമാർ, ആശുപത്രി സൂപ്രണ്ടും ഡി എം ഒ ഇൻചാർജുമായ ഡോ. ടി സുധ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ, ആയുർവേദ ആശുപത്രി ലേ സെക്രട്ടറി എം എസ് വിനോദ് പങ്കെടുത്തു.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം നാടിന് സമർപ്പിച്ചു
കല്യാശ്ശേരി: ബ്ലോക്ക് പഞ്ചായത്തിന് നിർമ്മിച്ച പുതിയ കെട്ടിടം മന്ത്രി ഇ.പി ജയരാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. താവത്ത് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വ്യവസായ എസ്റ്റേറ്റിലാണ് മൂന്ന് നില കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ആറ് കോടി രൂപ ചെലവിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. ചടങ്ങിൽ ടി.വി രാജേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, വൈസ് പ്രസിഡണ്ട് പി.പി ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി പ്രീത, വൈസ് പ്രസിഡന്റ് പി. ഗോവിന്ദൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. സൈനബ, ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഹസ്സൻ കുഞ്ഞി, കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.വി രാമകൃഷ്ണൻ, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ലക്ഷ്മീദാസ്, അസി.എക്സിക്യുട്ടീവ് എൻജിനീയർ യു.വി രാജീവൻ, എഡിസി അബ്ദുൾ ജലീൽ തുടങ്ങിയവർ പങ്കെടുത്തു.