buterfly
കക്കാട് പുഴയോരത്ത് വിരുന്നെത്തിയ ചിത്രശലഭങ്ങൾ

കണ്ണൂർ: ദേശാടനത്തിനായി ചിത്രശലഭങ്ങൾ കണ്ണൂരിലും പറന്നിറങ്ങുന്നു. ശലഭങ്ങൾ പക്ഷികളെ പോലെ നീലഗിരി, വയനാട് എന്നിവിടങ്ങളിൽ നിന്നും പറന്ന് കൊട്ടിയൂർ, മാടായിപ്പാറ എന്നിവിടങ്ങളിലേക്കാണ് കൂട്ടത്തോടെ എത്തിയിരിക്കുന്നത്.

കൂർഗിൽ നിന്നും ആറളം ഫാമിൽ നിരവധി മഞ്ഞ ശലഭങ്ങളും പറന്നെത്തുന്നു. മറ്റു സംസ്ഥാനങ്ങളിൽ വലിയ തോതിൽ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന വിഭാഗങ്ങളാണ് ഇവയിലേറെയും. വയനാട്, ഇടുക്കി മേഖലകളിൽ ഉണ്ടായ കാടുകളുടെ ശോഷണവും മഴയുടെ വ്യതിയാനവും എണ്ണത്തിൽ കുറവും ചിലപ്പോൾ അവ അന്യം നിന്നു പോകുന്നതിന് കാരണമായേക്കുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

കൊട്ടിയൂർ, വയനാട്, ബന്ദിപ്പൂർ, വീരാജ് പേട്ട എന്നിവിടങ്ങളാണ് ശലഭങ്ങളുടെ പ്രധാന സഞ്ചാര പഥങ്ങൾ. പൂച്ചക്കണ്ണി, ആവണച്ചോപ്പൻ, വരയൻ വാൾവാലൻ, ചെങ്കോമാളി, ചുട്ടിക്കറുപ്പൻ, നാരകക്കാളി, നരിവരയൻ, പുലിത്തെയ്യൻ, തെളിനീലക്കടുവ, അപൂർവ്വമായി മാത്രം കണ്ടുവരുന്ന ചോലവിലാസിനി എന്നിവയാണ് ഇപ്പോൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പറന്നെത്തുന്നത്. മൺസൂണിനു ശേഷം സെപ്തംബർ മുതൽ ഡിസംബർ വരെ ഇവ വയനാടൻ മലകളിൽ നിന്നും സമതലങ്ങളിലേക്ക് പറക്കും. ഡിസംബറോടെ തിരിച്ചും പ്രയാണം തുടങ്ങും.

കണ്ണൂരിലെ കക്കാട് പുഴയോരത്തും കഴിഞ്ഞ ദിവസം ഇവ പാറിപ്പറന്നെത്തി. പുഴയിലെ മാലിന്യങ്ങൾ കാരണം ഇവ അധികം വൈകാതെ തിരിച്ചു പറക്കുകയും ചെയ്തു.


ചോലവിലാസിനിയും സജീവം

ശ്രീലങ്കയിലും മറ്റും കാണപ്പെടുന്ന പ്രധാന ഇനം ശലഭങ്ങളാണ് ചോലവിലാസിനി. കേരളത്തിൽ അപൂർവ്വമായേ ഇവ വരാറുള്ളൂ. എന്നാൽ ഈയിടെയായി ഇവയെ കൊട്ടിയൂർ മേഖലകളിൽ കണ്ടിരുന്നു. ഒറ്റയ്ക്കും കൂട്ടമായുമാണ് ഇവ ദേശാടനത്തിനെത്തുന്നത്. കൊട്ടിയൂരിൽ ശലഭങ്ങൾക്കായി പ്രത്യേകം ഉദ്യാനം വനം വകുപ്പ് ഒരുക്കുന്നുണ്ട്.

.......................................................

"ആവാസ വ്യവസ്ഥകളിലുണ്ടാകുന്ന മാറ്റങ്ങളോട് വളരെ വേഗം പ്രതികരിക്കുന്നവയാണ് ശലഭങ്ങൾ. അമിത കീടനാശിനി പ്രയോഗം, പരിസ്ഥിതി മലിനീകരണം, വനനശീകരണം, കാലാവസ്ഥ വ്യതിയാനം എന്നിവയിലെ ചെറിയ മാറ്റങ്ങൾ പോലും ശലഭങ്ങളുടെ നിലനിൽപ്പിനെ ദോഷകരമായി ബാധിക്കുന്നു-

ഡോ. പി.വി. മോഹനൻ, പരിസ്ഥിതി പ്രവർത്തകൻ