പട്ടുവം: പട്ടുവം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചു. കാവുങ്കൽ വാർഡിലെ മുതുകുട കിഴക്ക്, മുള്ളൂൽ പ്രദേശങ്ങളിലും, മുതുകുട വാർഡിലെ ഹരിജൻ കോളനിയിലുമാണ് കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചത് .
മുതുകുടക്കിഴക്കിലെ ഇ.വി.ശാന്തയുടെ പത്തിലധികം ഇളം തെങ്ങുകൾ നശിച്ചു. മുതുകുട ഹരിജൻ കോളനിയിലെ നെൽകൃഷിയും വ്യാപകമായി നശിപ്പിച്ചു. മുതുകുട പുഴയോരത്തെ കുന്നുകൾ കേന്ദ്രീകരിച്ചാണ് കാട്ടുപന്നികൾ തമ്പടിക്കുന്നത് . മലവെള്ളത്തോടൊപ്പം ഒഴുകിയെത്തിയതാണ് കാട്ടുപന്നികൾ എന്നാണ് പറയപ്പെടുന്നത്. കാട്ടുപന്നികളോടൊപ്പം മുള്ളൻപന്നികളും ഈ പ്രദേശങ്ങളിൽ കൃഷി നാശം വരുത്തുന്നുണ്ട്. കാട്ടുപന്നികളും, മുള്ളൻപന്നികളും കൃഷി നാശം വരുത്തുന്നത് തടയാൻ വനം വകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്ന് കൃഷിക്കാർ ആവശ്യപ്പെട്ടു.