ഇരിട്ടി: ആറളം വനം വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല പ്രദേശമായി നിശ്ചയിക്കപ്പെട്ടുകൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിഞ്ജാപനത്തെ തുടർന്ന് ആറളം ഗ്രാമ പഞ്ചായത്തിലെ വിയറ്റ്നാം, ചതിരൂർ, നീലായ്, വാളത്തോട് പ്രദേശവാസികളായ കർഷകരുടെ യോഗം ചതിരൂരിൽ വെച്ച് ചേർന്നു. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. ആറളം മേഖലയിൽ വനാതിർത്തിയും കേളകം മേഖലയിൽ പുഴയും അതിർത്തിയായി കണക്കാക്കി പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഭേദഗതി വരുത്തണമെന്നും ആറളം ഫാം പട്ടികവർഗ്ഗ പുനരധിവാസ മേഖലയിലെ ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കേണ്ടതാണെന്നും യോഗം ആവശ്യപ്പെട്ടു.

വന്യജീവി സങ്കേതത്തിന്റെ പരിധിയിൽപ്പെട്ട വനത്തോട് ചേർന്ന് കിടക്കുന്ന ജനവാസ കേന്ദ്രങ്ങളിൽ 100 മീറ്റർ പരിധി നിശ്ചയിച്ച് കൊണ്ട് ബഫർ സോൺ സംബന്ധിച്ചാണ് വിഞ്ജാപനം ഉള്ളതെന്നും ആയത് ആറളം ഫാം പട്ടികവർഗ്ഗ പുനരധിവാസ മേഖലയിലെ നൂറോളം കുടുംബങ്ങൾക്ക് ബാധകമായി വരുമെന്നും എന്നാൽ കണ്ണൂർ ഫോറസ്റ്റ് ഡിവിഷനു കീഴിൽ ഉൾപ്പെട്ടിട്ടുള്ള വിയറ്റ്നാം ,പരിപ്പ് തോട്,ചതിരൂർ, നീലായ്, വാളത്തോട് മേഖലകളിലെ കർഷകർക്കോ ജനവാസ മേഖലയ്‌ക്കോ യാതൊരു വിധത്തിലും ഈ നിയമം ബാധകമാവില്ല. വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ നിന്ന് നൂറ് മീറ്റർ അധികം ദൂരത്തിൽ ഉള്ള സ്ഥലങ്ങൾ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെടില്ലെന്ന് വിഞ്ജാപനം വായിച്ച് എം.എൽ.എ വിശദീകരിച്ചു.

നിലവിലെ മോണിറ്ററിംഗ് കമ്മിറ്റിയിൽ പഞ്ചായത്ത് പ്രസിഡന്റ്, പ്രതിനിധികൾ എന്നിവരെ കൂടി ഉൾക്കൊള്ളിച്ച് കൊണ്ടുള്ളതാവണം എന്ന നിർദ്ദേശം ഗവ.ന്റെ ശ്രദ്ധയിൽ പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.