കാസർകോട്: ജൂവലറി നടത്തിപ്പിനായി ഓഹരിയായി വാങ്ങിയ പണം തിരികെ നൽകിയില്ലെന്ന ആരോപണത്തെ തുടർന്ന് മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ അടക്കമുള്ളവർക്ക് എതിരെ ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത ഏഴ് വഞ്ചനാ കേസുകൾ കൂടുതൽ അന്വേഷണത്തിനായി കാസർകോട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി. ശില്പയാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിട്ടത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. കേസ് ഫയലുകൾ കിട്ടുന്ന മുറയ്ക്ക് അന്വേഷണം ആരംഭിക്കും.
അതിനിടെ, കാസർകോട് ഭാഗത്തെ അഞ്ച് പേർ സമാന സ്വഭാവമുള്ള പരാതിയുമായി ഇന്നലെ കാസർകോട് ടൗൺ പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഈ പരാതികളിലും ടൗൺ പൊലീസ് കേസെടുക്കുമെന്നാണ് അറിയുന്നത്. അങ്ങനെ വന്നാൽ ആ അഞ്ച് കേസുകളും ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപിച്ചേക്കും. അതേസമയം ജൂവലറി നടത്തിപ്പിനായി ആരിൽ നിന്നും താൻ പണം വാങ്ങിയിട്ടില്ലെന്നും ഓഹരി നിക്ഷേപകർക്ക് ജൂവലറി നടത്തിപ്പുകാർ പണം തിരികെ നൽകിവരികയാണെന്നും പരാതികൾ തന്നെ രാഷ്ട്രീയമായി തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും എം.സി ഖമറുദ്ദീൻ എം.എൽ.എ പറഞ്ഞു.
ജൂവലറികൾ അടക്കേണ്ടിവന്നത് കൊവിഡും കാരണമാണെന്ന് മുസ്ളീംലീഗ് നേതൃത്വവും പ്രതികരിച്ചിരുന്നു. അനുമതിയില്ലാതെ കമ്പനിയുടെ മറവിൽ സ്വകാര്യനിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പരാതിയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കള്ളാർ സ്വദേശികളായ സഹോദരങ്ങളുടെ പരാതിയിൽ ഹൊസ്ദുർഗ് കോടതി വണ്ടിച്ചെക്ക് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജൂവലറിയിൽ 70 ലക്ഷം രൂപ നിക്ഷേപിച്ച രണ്ടുപേർക്ക് 20 ലക്ഷം രൂപ തിരികെ നൽകിയെന്നും ബാക്കിവരുന്ന തുകയ്ക്ക് വണ്ടിച്ചെക്ക് നൽകിയെന്നുമാണ് കേസ്. ഈ കേസിൽ എം.എൽ.എ ക്ക് കോടതി സമൻസ് അയച്ചിട്ടുണ്ട്.
അതിനിടെ കേസുകൾ കൂടുതൽ വന്നതോടെ എം.സി ഖമറുദ്ദീനെതിരെ ലീഗ് നടപടി ഉണ്ടായേക്കും എന്നാണ് സൂചന. യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനം ഒഴിയാൻ മുസ്ലീം ലീഗ് നേതൃത്വം ഖമറുദ്ദീനോട് ആവശ്യപ്പെടും എന്നാണ് അറിയുന്നത്.