നീലേശ്വരം: കൊവിഡ് വ്യാപനത്തെ തുടർന്നുള്ള അപ്രതീക്ഷിത ലോക്ക് ഡൗണിൽ അടുക്കളകൾ പ്രതിസന്ധിയിലാകുന്നു. ആഹാരമുണ്ടാക്കാൻ അവശ്യസാധനങ്ങൾ ലഭിക്കാത്തതാണ് വീട്ടമ്മമാരെ വലയ്ക്കുന്നത്. അവശ്യസാധനങ്ങൾ വില്കുന്ന കടകൾ ഉൾപ്പെടെ ദിവസങ്ങളോളം അടഞ്ഞുകിടക്കുന്ന സാഹചര്യമാണ് പലയിടങ്ങളിലും.

കിനാനൂർ കരിന്തളം പഞ്ചായത്തിൽ കഴിഞ്ഞ ദിവസം 22പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ രോഗം വ്യാപകമായ സ്ഥലങ്ങളിൽ പഞ്ചായത്ത് ജാഗ്രത സമിതി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ചായ്യോം ബസാർ മുതൽ നരിമാളം, ചോയ്യങ്കോട്, കൊല്ലമ്പാറ, കരിന്തളം, കോയിത്തട്ട പ്രദേശങ്ങൾ വരെയാണ് ഈ വരുന്ന 10 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇത്രയും ദിവസം കടകൾ തുറന്ന് പ്രവർത്തിക്കാത്തതിനാൽ അനാദി, പച്ചക്കറി സാധനങ്ങൾ കിട്ടാതായിരിക്കുകയാണ്. മത്സ്യ വില്പനയും ഈ പ്രദേശങ്ങളിൽ നിലച്ചിരിക്കുകയാണ്.

കിണാവൂർ, കണിയാട പ്രദേശങ്ങളിലുള്ളവർ തൊട്ടടുത്ത കയ്യൂരിൽ പോയിട്ടാണ് അത്യാവശ്യത്തിന് സാധനങ്ങൾ വാങ്ങിവരുന്നത്. രോഗം വ്യാപക മായതിനെ തുടർന്ന് ഈ പ്രദേശങ്ങളിൽ എല്ലാ മേഖലയും നിലച്ചിരിക്കുകയാണ്. മറ്റ് മേഖലയിലുള്ളവർ തൊട്ടടുത്ത പ്രദേശങ്ങളിൽ പോയി സാധനങ്ങൾ വാങ്ങി വരുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഒന്നും കിട്ടാത്ത അവസ്ഥയാണുള്ളത്.