കാസർകോട്: കേരള പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം ജില്ലയിൽ എടുക്കുന്ന കേസുകൾക്ക് നിലവിൽ ചുമത്തുന്നതിന്റെ പത്തിരട്ടി പിഴ ഈടാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ഇന്നലെ മുതൽ പിഴ ഈടാക്കി തുടങ്ങി. ഐ ഇ സി കോ-ഓർഡിനേഷൻ കമ്മിറ്റി ജില്ലാതല യോഗത്തിലാണ് തീരുമാനം. ലോക് ഡൗൺ നിർദ്ദേശ ലംഘനം, ക്വാറന്റൈൻ ലംഘനം, സാമൂഹിക അകലം പാലിക്കാത്തവർ, മാസ്‌ക് ധരിക്കാത്തവർ, കടകളിലും പൊതു ഇടങ്ങളിലും കൂട്ടം കൂടൽ തുടങ്ങിയ നിയമ ലംഘനങ്ങൾക്കാണ് പിഴയിൽ വർദ്ധന. പകർച്ചവ്യാധി നിയന്ത്രണ നിയമം കർശനമായി പാലിക്കാത്തതിനാൽ ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.