കാഞ്ഞങ്ങാട്: കൊവിഡ് പ്രതിരോധത്തിനായി അടച്ചിടുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. കാഞ്ഞങ്ങാട്, നീലേശ്വരം, കാസർകോട് നഗരസഭകൾ ഇതിനകം അടച്ചിട്ടിരുന്നു, ഉദുമ, പള്ളിക്കര, അജാനൂർ, കോടോം-ബേളൂർ, മടിക്കൈ, പുല്ലൂർപെരിയ ഗ്രാമ പഞ്ചായത്തുകളും അടച്ചിട്ടു. കാഞ്ഞങ്ങാട് നഗരസഭ കഴിഞ്ഞ മാസവും ഈ മാസം ഒരാഴ്ച പിന്നിടുന്നതിനു മുമ്പെ മൂന്നു തവണയും അടച്ചിട്ടു. ഏറ്റവുമൊടുവിൽ ഒരു ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് നഗരസഭ കാര്യാലയം ഇന്നലെ മൂന്നു ദിവസത്തേക്കു കൂടി അടച്ചിട്ടു.
ഇയാളുമായി ബന്ധപ്പെട്ട പതിനാലു പേർ ക്വാറന്റൈനിൽ പോകാനും ഉത്തരവായി. പുല്ലൂർ പെരിയയിൽ ഒരു മെമ്പർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുർന്നാണ് മൂന്നു ദിവസത്തേക്ക് ഓഫീസ് അടച്ചിട്ടത്. രണ്ടാഴ്ചയോളം സമ്പൂർണ ലോക് ഡൗണായ പള്ളിക്കരയിൽ നിയന്ത്രണത്തോടെ ലോക്ക് ഡൗൺ പിൻവലിക്കുകയായിരുന്നു. മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെ ഒരുഭാഗം ദിവസങ്ങളോളം ലോക്ക് ഡൗണായി. തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഇലക്ഷനുമായി ബന്ധപ്പെട്ട പ്രവൃത്തി മാത്രമേ ഇപ്പോൾ നടക്കുന്നുള്ളൂ. തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ശേഷിക്കെ ഭരണ സമിതികൾ പരമാവധി വികസന പ്രവർത്തനം നടത്താനുള്ള ശ്രമത്തിലുമാണ്.