കണ്ണൂർ: വീടുകളിലെ കിണർ ജലം ശുദ്ധമാണെന്ന ധാരണയാണ് പൊതുവായി ആളുകൾക്കുള്ളതെന്നും അത് ശുദ്ധമാണോ എന്നത് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ആരംഭിക്കുന്ന ജലഗുണതാ പരിശോധന ലാബുകളുടെ സംസ്ഥാനതല ഉദ്ഘാടനം അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്‌കൂളിൽ ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാസമ്പന്നരും മെച്ചപ്പെട്ട ജീവിത സാംസ്‌കാരിക നിലവാരവും പുലർത്തുന്നവരായിട്ടും നമ്മൾ മലിനജലം കുടിക്കേണ്ടി വരുന്നുവെന്നത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
മന്ത്രി കെ.കൃഷ്ണൻകുട്ടി ജലപരിശോധന കൈപ്പുസ്തകം പ്രകാശനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ.സീമ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ കെ. ജീവൻബാബു, കെ.ഐ.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടർ എൻ. പ്രശാന്ത് എന്നിവർ ഓൺലൈനായി പങ്കെടുത്തു. ലാബിൽ നടത്തിയ ജല പരിശോധന റിസൾട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അഞ്ചരക്കണ്ടി എജുക്കേഷൻ സൊസൈറ്റി പ്രസിഡന്റ് പി മുകുന്ദന് കൈമാറി. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി ജയബാലൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്റ് ടി വി സീത പങ്കെടുത്തു.