കടമ്പൂർ: ഗ്രാമപഞ്ചായത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കടമ്പൂർ കുടുംബാരോഗ്യ ഉപകേന്ദ്രം, തൈപ്പറമ്പ് കുടിവെള്ള പദ്ധതി, മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ, കാടാച്ചിറ കുടുംബാരോഗ്യ കേന്ദ്രം ഒന്നാംഘട്ട പ്രവൃത്തി എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.
കരിപ്പാച്ചാൽ കുന്നുമ്പ്രം പൊതുശ്മശാനം പരിസരത്ത് നടന്ന ചടങ്ങിൽ കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശൻ അദ്ധ്യക്ഷത വഹിച്ചു. ഹരിത കർമ്മ സേനാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി മോഹനൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ വിമലാദേവി, സെക്രട്ടറി എൻ പ്രദീപൻ സംബന്ധിച്ചു.
കരിപ്പാച്ചാൽ കുന്നുമ്പ്രത്ത് നിർമ്മിച്ച ആധുനിക വാതക ശ്മശാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നാടിന് സമർപ്പിച്ചു. നീണ്ട 37 വർഷങ്ങൾക്ക് ശേഷമാണ് കടമ്പൂരിൽ ആധുനിക ശ്മശാനം യാഥാർത്ഥ്യമായത്. 1982 ൽ ശ്മശാനത്തിനായി സ്ഥലം വാങ്ങിയെങ്കിലും വിവിധ കാരണങ്ങളാൽ പദ്ധതി നീണ്ടുപോകുകയായിരുന്നു.