ameer
കാസർകോട് ഡെയ്ലി റൈഡേഴ്സ് ക്ലബ്ബ് പ്രവർത്തകർ മുഹമ്മദ് അമീർ മുസ്തഫയ്ക്ക് സൈക്കിൾ കൈമാറുന്നു

കാഞ്ഞങ്ങാട്: തകരാർ പരിഹരിക്കാനായി കൊടുത്ത സൈക്കിൾ തിരികെ കിട്ടാത്തതിന് പൊലീസിൽ പരാതി അറിയിച്ച നാലാംക്ളാസുകാരന് ഒടുവിൽ കിട്ടിയത് പുത്തൻ സൈക്കിൾ. അമ്പലത്തറയിലെ മുഹമ്മദ് അമീർ മുസ്തഫയെന്ന പത്തുവയസുകാരൻ രണ്ടും കൽപിച്ച് വിളിച്ച ഫോൺകാൾ അറിഞ്ഞാണ് കാസർകോട് ഡെയ്ലി റൈഡേഴ്സ് ക്ലബ്ബ് കുട്ടിയ്ക്ക് പുത്തൻ സൈക്കിൾ നൽകി സമാധാനമുണ്ടാക്കിയത്.

കൊവിഡ് വ്യാപനത്തിന് മുമ്പാണ് സംഭവം. റിപ്പയർ ചെയ്യുന്ന ആൾ ആവശ്യപ്പെട്ട 150 രൂപ നൽകിയാണ് കുട്ടി സൈക്കിൾ ഏൽപ്പിച്ച് തിരിച്ചു പോന്നത്. ഇതിനിടയിൽ കൊവിഡ് പടർന്നത് കാരണം സൈക്കിൾ വാങ്ങാനും പോയില്ല. ഇടയ്ക്ക് റിപ്പയർ കടക്കാരനെ ബന്ധപ്പെട്ടപ്പോൾ ഒരാഴ്ച കഴിഞ്ഞു തരാമെന്നായി. പിന്നീട് വിളിച്ചപ്പോൾ സൈക്കിൾ ഇല്ല, ഞാൻ ആ പണി നിർത്തിയെന്ന് കടക്കാരൻ പറഞ്ഞതോടെ കുട്ടിയ്ക്ക് സങ്കടമടക്കാൻ വയ്യാതായി. അങ്ങനെയാണ് അമ്പലത്തറ പൊലീസിൽ ഫോണിൽ പരാതി അറിയിച്ചത്.

പത്തു വയസിൽ താഴെയുള്ളവർ വീടിന് പുറത്ത് പോകരുതെന്ന സർക്കാർ നിർദ്ദേശമുള്ളതിനാൽ ഫോണിൽ പരാതി അറിയിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ ഭാസ്‌കരൻ സൈക്കിൾ ലഭിക്കാൻ വേണ്ട നടപടി സ്വീകരിക്കാമെന്ന ഉറപ്പ് നൽകി. ഈ കഥ അറിഞ്ഞാണ് കാസർകോട് ഡെയ്ലി റൈഡേഴ്സ് ക്ലബ്ബ് കുട്ടിക്ക് പുത്തൻ സൈക്കിൾ നൽകിയത്.

പിതാവ് വാങ്ങിക്കൊടുത്ത പുത്തൻ സൈക്കിളിന്റെ ടയർട്യൂബ് പൊട്ടിയതിനെ തുടർന്നാണ് അമ്പലത്തറയിലെ ഖലീലിന്റെ കടയിൽ നന്നാക്കാൻ ഏൽപിച്ചത്. ഇന്നലെ രാവിലെ റൈഡേഴ്സ് ക്ലബ്ബ് പ്രവർത്തകരായ മൊയ്തീൻഹാജി പൊയിനാച്ചി, അൻസാരി മീത്തൽ ,റിഷാദ് പി വി എന്നിവർ അമ്പലത്തറ എസ്.ഐ മൈക്കിൾ ,രാജൻ എന്നിവരുടെ സാന്നിധ്യത്തിലാണ് സൈക്കിൾ കൈമാറിയത്.