മാഹി: കൊവിഡ് 19യുമായി ബന്ധപ്പെട്ട് പൂട്ടിക്കിടക്കുന്ന മാഹി സ്പിന്നിംഗ് മിൽ തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, ബി.എം.എസ് യൂണിയൻ ഭാരവാഹികൾ ജനറൽ മാനേജരുടെ ചേമ്പറിനു മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു. കേന്ദ്ര ഗവ.ന്റെ ഉത്തരവുണ്ടായിട്ടും, മാഹി ഉൾപ്പെടെയുള്ള ഇരുപത്തിമൂന്ന് എൻ.ടി.സി മില്ലുകൾ തുറന്നു പ്രവർത്തിക്കുവാൻ ടെക്സ്റ്റൈൽ മന്ത്രാലയം തയ്യാറായിട്ടില്ല. 1972 ൽ എൻ.ടി.സി ഏറ്റെടുത്ത മാഹിയിലെ ഏക വ്യവസായ സ്ഥാപനമായ മാഹി സ്പിന്നിംഗ് മിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനമായിരുന്നു. ഇരുന്നൂറ്റിപ്പത്ത് സ്ഥിരം തൊഴിലാളികളും 200 ഓളം താൽക്കാലിക ഒ.ജി.ബി തൊഴിലാളികളും, മില്ലിൽ മൂന്ന് ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നുണ്ട്. മിൽ തുറക്കാത്തതു കാരണം ദുരിതജീവിതത്തിലായ തൊഴിലാളികൾക്കുവേണ്ടി കേന്ദ്ര ഗവ.നും ടെക്സ്റ്റൈൽ മന്ത്രാലയത്തിലും നിവേദനം നൽകിയിരുന്നെങ്കിലും, ഇതുവരെ അനുകൂല നിലപാട് ഉണ്ടായില്ല. ഐ.എൻ.ടി.യു.സി പ്രസിഡന്റ് എം.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. വി.വത്സരാജ് സ്വാഗതവും സത്യജിത്ത് കുമാർ അദ്ധ്യക്ഷതയും വഹിച്ചു. വടക്കൻ ജനാർദ്ദനൻ, ജ്യോതിർമനോജ് എന്നിവർ സംസാരിച്ചു.