പാനൂർ: പാട്യം ഗവ: ഹയർ സെക്കൻഡറി സ്കൂൾ ആധുനിക സൗകര്യങ്ങളോടെ പൂർത്തീകരിച്ച ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും.

തിരുവനന്തപുരം ഹേബിറ്റേറ്റ് ഗ്രൂപ്പാണ് സ്കൂൾ നവീകരണത്തിന് 14 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. എസ്.പി.വി ആയി രൂപീകരിച്ച കൈറ്റി (KITE)നെയാണ് ചുമതലയേല്പിച്ചത്.

ആധുനിക രീതിയിലുള്ള ക്ലാസ് റൂം, നവീന രീതിയിലുള്ള ലാബ്, മികച്ച രീതിയിലുള്ള ടോയ് ലറ്റ് സംവിധാനം, വിശാലമായ ഡൈനിംഗ് ഹാൾ, നവീന പാചകശാല, കൗൺസിലിംഗ് റൂം, സ്റ്റോർറൂം, ലാംഗ്വേജ് റൂം, 13 ക്ലാസ് റൂമുകൾ തുടങ്ങി 24 ഓളം റൂമുകൾ തയ്യാറാക്കി കഴിഞ്ഞു. പത്ത് റൂമുകളുള്ള പഴയഇരുനില കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്താണ് പുതിയ കെട്ടിടം സ്ഥാപിച്ചത്. മന്ത്രി ശൈലജ ടീച്ചർ അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ച് സ്മാർട്ട് റൂം ക്ലാസും ഒരുക്കി കഴിഞ്ഞിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി ജില്ലാ പഞ്ചായത്ത് അനുവദിച്ച 13 ലക്ഷം രൂപ ഉപയോഗിച്ച് ചുറ്റുമതിൽ പണിതിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച റസ്റ്റ് റൂമും ആർട്ട് റൂമും തയ്യാറായി.

ആധുനിക രീതിയിലുള്ള ലൈബ്രറി സംവിധാനമൊരുക്കാൻ ഒന്നേകാൽ കോടി രൂപയും മന്ത്രി ശൈലജ അനുവദിച്ചിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് 5 കോടി രൂപ വിനിയോഗിച്ച കെട്ടിട നിർമ്മാണം നടത്തിയത്. ചടങ്ങിൽ ഓൺലൈനിലൂടെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് മുഖ്യാതിഥിയായിരിക്കും. മന്ത്രി ശൈലജ സ്മാർട് ക്ലാസ് ഉദ്ഘാടനവും നിർവഹിക്കും.