കണ്ണൂർ: വാർഷിക പദ്ധതി അന്തിമമാക്കുന്നതിന് ചേർന്ന കോർപ്പറേഷൻ കൗൺസിൽ അജണ്ട ചർച്ച ചെയ്യാതെ പ്രഹസനമാക്കുകയാണെന്ന് ആരോപിച്ച് ഓൺലൈൻ യോഗത്തിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു. വിയോജനം രേഖപ്പെടുത്തി പ്രതിപക്ഷാംഗങ്ങൾ സെക്രട്ടറിക്ക് കത്ത് നൽകി.
ശനി, ഞായർ അവധി ദിവസം അജണ്ട നൽകി ഫയൽ പരിശോധിക്കാനും ചർച്ച ചെയ്യാനും അവസരം നിഷേധിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഏകപക്ഷീയമായി റദ്ദ് ചെയ്ത 191 പദ്ധതികളുടെ ലിസ്റ്റ് നൽകിയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. വാർഡ് സഭകൾ നിർദ്ദേശിച്ച് വർക്കിംഗ് ഗ്രൂപ്പ് ചർച്ച ചെയ്ത് വികസന സെമിനാർ അംഗീകരിച്ച് ജനകീയാസൂത്രണത്തിന്റെ എല്ലാ മാർഗ നിർദേശങ്ങളും പാലിച്ചു അംഗീകരിച്ച് നടപ്പാക്കി കൊണ്ടിരിക്കുന്ന പദ്ധതികളാണ് കൗൺസിലർമാരോട് പോലും ആലോചിക്കാതെ നിർത്തൽ ചെയ്യുന്നതെന്നാണ് ആരോപണം.

എന്നാൽ കോർപറേഷൻ അംഗീകരിച്ച പദ്ധതികൾ വെട്ടിമുറിച്ചത് സർക്കാരാണെന്നും കോർപറേഷന്റെ 14 കോടിയോളം രൂപയുടെ പദ്ധതികൾക്കാണ് സർക്കാർ ഇടങ്കോലിട്ടതെന്നും ഭരണപക്ഷം പറഞ്ഞു.

ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച കോർപ്പറേഷന്റെ വികസന പദ്ധതികളിൽ സർക്കാർ വെട്ടിമുറിച്ചപ്പോൾ വികസന പദ്ധതി വികലമായെന്നും ഭരണ പക്ഷാംഗങ്ങൾ ചൂണ്ടിക്കാട്ടി.

മേയർ സി. സീനത്ത് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ഒ മോഹനൻ, വെള്ളോറ രാജൻ എന്നിവർ സംസാരിച്ചു.

എൽ.ഡി.എഫ് കൗൺസിലർമാരുടെ ധർണ

കോർപ്പറേഷൻ ഓൺലൈൻ കൗൺസിൽ യോഗം ബഹിഷ്കരിച്ച എൽ.ഡി.എഫ് കൗൺസിലർമാർ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് നടത്തി പ്രതിഷേധിച്ചു. എൻ. ബാലകൃഷ്ണൻ, വെള്ളോറ രാജൻ, ടി. രവീന്ദ്രൻ, ഇ.പി ലത, എം.വി സഹദേവൻ, കെ. പ്രമോദ് എന്നിവർ പ്രസംഗിച്ചു.

കൊവിഡ് കാരണം പല പദ്ധതികളും പാതി വഴിയിലാണ്. ഇവ പൂർത്തിയായില്ലെങ്കിൽ ജനങ്ങൾക്ക് വലിയ പ്രയാസം ഉണ്ടാകും.

എൻ. ബാലകൃഷ്ണൻ, പ്രതിപക്ഷ കൗൺസിലർ