പ്രിയദർശൻ - ശ്രീനിവാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മിഥുനം സിനിമ കണ്ടവരാരും അതിലെ കൂടോത്രം മറക്കില്ല . കൂടോത്രം ചെയ്തവന്റെ തല പൊട്ടിത്തെറിക്കാൻ കാത്തുനിൽക്കുന്ന ബന്ധുക്കൾ. കൂടോത്രം ചെയ്താൽ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ശിക്ഷിക്കാൻ വകുപ്പില്ലെന്ന് വീമ്പിളക്കുന്ന ജഗതിയുടെ കഥാപാത്രം.
ബോംബ് നിർമ്മാണം കുടിൽ വ്യവസായമായ കണ്ണൂരിലും കേട്ടു കൂടോത്ര ബോംബിനെക്കുറിച്ച്.
പാനൂരിനടുത്ത ചൊക്ളി സ്റ്റേഷൻ പരിധിയിലെ പടന്നക്കര എന്ന സ്ഥലത്താണ് അപൂർവ ബോംബ് പിറവിയെടുത്തത്. ബോംബുകൾ കണ്ടും കേട്ടും മടുത്ത പാനൂർ നിവാസികൾ നവാതിഥിയെക്കുറിച്ച് കേട്ട് ഞെട്ടി.
ബംഗ്ളൂരിൽ സ്ഥിരതാമസമാക്കിയ കുടുംബം വീട് തൂത്തു വൃത്തിയാക്കാൻ വേണ്ടി കഴിഞ്ഞയാഴ്ച നാട്ടിലെത്തിയതായിരുന്നു. വീട്ടുപറമ്പിൽ തുണിയിൽ പൊതിഞ്ഞുവച്ച അജ്ഞാത വസ്തു കണ്ട് വീട്ടുടമയും കുടുംബവും അന്ധാളിച്ചു. രാത്രിയായതു കൊണ്ട് പെട്ടെന്ന് ആസ്ഥാന ജ്യോത്സ്യന്മാരെ കണ്ട് ഉപദേശം തേടാനൊന്നും വീട്ടുകാർ കാത്തുനിന്നില്ല. തങ്ങൾക്ക് എന്തോ അപകടം പിണഞ്ഞെന്നാണ് കുടുംബം മനസിലാക്കിയത്. അറിഞ്ഞെത്തിയ പരിസരവാസികളിൽ ചിലർ സംഭവം ശരിവച്ചു. 'ഇത് നിങ്ങളെ തകർക്കാൻ ആരോ കൂടോത്രം ചെയ്തതാണ് .' കൂടോത്രം ബോംബ് പൊട്ടിത്തെറിക്കുമെന്ന ഭയത്താൽ പലരും സ്വന്തം കാതുകൾ അമർത്തിവച്ചു.
എന്നാൽ പൊട്ടിത്തെറിക്കുമെങ്കിൽ പൊട്ടട്ടെ എന്നു കരുതിയ വീട്ടുടമ, തുണിയിൽ പൊതിഞ്ഞെടുത്ത വസ്തുവിനെ സ്വന്തം കാറിൽ എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാൻ തീരുമാനിച്ചു . തൊട്ടടുത്ത പുഴയിൽ തള്ളിയാൽ കൂടോത്രം വച്ചവന്റെ തല പൊട്ടിത്തെറിക്കുമെന്ന് ആരോ വീട്ടുടമയോട് പറഞ്ഞിരുന്നു. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. ആരുടെയും തല പൊട്ടിത്തെറിച്ചില്ല. പകരം പുഴയിലേക്ക് വലിച്ചെറിഞ്ഞ കൂടോത്രം വൻ ശബ്ദത്തോടെ സ്വയം പൊട്ടിത്തെറിച്ചു. ഇങ്ങനെയാണ് ബോംബുകളുടെ പട്ടികയിൽ കൂടോത്രം ബോംബ് കൂടി സ്ഥാനം പിടിച്ചത്.
കണ്ണൂർ ജില്ലയിലെ പാനൂർ, കതിരൂർ, ചൊക്ളി, ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിൽ ബോംബ് ഫാക്ടറികൾ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. പാനൂർ പൊലീസ് സ്റ്റേഷനിൽ പിടിച്ചെടുത്ത ബോംബുകൾ നിർവീര്യമാക്കാൻ മാത്രമായി വലിയ കുഴി തന്നെയുണ്ടായിരുന്നു.
പൊലീസ് റെയ്ഡുകൾക്കിടെ ഒളിപ്പിക്കുന്ന ബോംബുകൾ കുറ്റിക്കാട്ടിലും കുന്നിൻ ചെരിവുകളിലും സ്‌ഫോടനമുണ്ടാക്കുന്നതും നിരപരാധികൾക്ക് പരിക്കേൽക്കുന്നതും ജില്ലയിൽ പതിവാണ്. അടുത്ത കാലത്ത് മൊകേരിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മൂന്ന് കുട്ടികൾക്ക് ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റു. കുറ്റിക്കാട്ടിലേക്കു പോയ പന്തെടുക്കാൻ പോയ കുട്ടികൾ ബോംബാണെന്നറിയാതെ കമ്പുകൊണ്ട് തട്ടി നോക്കിയപ്പോൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. നേരത്തേ വയലിൽ പണിയെടുക്കുന്നതിനിടെയും വീട് വൃത്തിയാക്കുന്നതിനിടെയും പറമ്പ് വെട്ടിത്തെളിക്കുന്നതിനിടെയും സ്‌ഫോടനങ്ങൾ നടന്നിരുന്നു. ഈയിടെ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്കും സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റു. രാഷ്ട്രീയ എതിരാളികളെ നേരിടാൻ ബോംബുകൾ നിർമിക്കുന്നതിനിടെ തലശേരി മേഖലയിൽ മാത്രം 16 ജീവനുകൾ പൊലിഞ്ഞെന്നാണ് കണക്ക്. കഴിഞ്ഞ ദിവസം കതിരൂരിലുണ്ടായ സ്ഫോടനത്തിൽ നാലുപേർക്കാണ് പരിക്കേറ്റത്.
ചെറിയ സ്റ്റീൽ ബോംബുകൾ മുതൽ പത്തുമീറ്ററിലേറെ വ്യാപ്തിയിൽ നാശനഷ്ടമുണ്ടാക്കുന്ന സൾഫേറ്റ് ബോംബുകൾ വരെ നിർമിക്കപ്പെടുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടി ഇടത് കൈപ്പത്തിയും വലതുകണ്ണും നഷ്ടമായ തമിഴ് ബാലൻ അമാവാസിക്ക് സംഭവിച്ച ദുരന്തം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. തലശേരിയിലെ സൂര്യകാന്തി എന്ന നാടോടി ബാലികയ്‌ക്കും അതേരീതിയിൽ പരിക്കേറ്റിരുന്നു. ആക്രി പെറുക്കുന്നതിനിടെ കിട്ടിയ ചെറിയ സ്റ്റീൽ പാത്രങ്ങൾ അടിച്ചു തുറക്കാനുള്ള ശ്രമത്തിനിടെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ സൂര്യകാന്തിയുടെ ഇടതു കൈയും ഇടതു കണ്ണും ചിതറിത്തെറിച്ചു.
വർഷങ്ങൾക്ക് മുമ്പ് ബോംബ് സ്ഫോടനത്തിൽ കാൽ നഷ്ടപ്പെട്ട അസ്‌ന ഇപ്പോൾ ചെറുവാഞ്ചേരിയിൽ ഡോക്ടറാണ്. ബോബ് സ്ഫോടനങ്ങളിൽ മരണത്തോട് മല്ലടിച്ച് കഴിയുന്ന ജീവിക്കുന്ന രക്തസാക്ഷികളും നിരവധി. സ്ഫോടനമുണ്ടായാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുമെന്നല്ലാതെ അറസ്റ്റ് നടക്കുന്നത് വളരെ അപൂർവമാണ്.
120 ബോംബുകളുടെ ശേഖരം പിടികൂടിയ സംഭവം വരെ പാനൂരിലുണ്ടായിട്ടുണ്ട്.
സ്ഫോടനകേസുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ അക്രമ കേസുകളിലെ സ്ഥിരം ക്രിമനലുകളെ പൊലീസ് നീരീക്ഷിച്ചുവരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ അക്രമം നടന്ന സ്ഥലങ്ങളിലെ ടവർ ലൊക്കേഷനുകൾ പരിശോധിച്ച് പാർട്ടി ഓഫീസുകളും സ്തൂപങ്ങളും കൊടിമരങ്ങളും തകർത്ത കേസുകളിലെ പ്രതികളെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവി, സ്‌റ്റേഷനുകൾക്ക് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി കണ്ണൂരിൽ പലയിടത്തും അക്രമങ്ങൾ നടന്നിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ രാഷ്ട്രീയ അക്രമത്തിൽ പങ്കാളികളായ ആളുകളുടെ ലിസ്റ്റെടുത്ത് നിരീക്ഷിക്കാനാണ് തീരുമാനം. നേരത്തെ കേസിലുൾപ്പെട്ടവർ വീണ്ടും അക്രമം തുടർന്നാൽ ഇവർക്കെതിരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്. പത്ത് വർഷമായി രാഷ്ട്രീയ അക്രമക്കേസുകളിൽ പ്രതികളായവരുടെ ലിസ്റ്റ് അതത് പൊലീസ് സ്റ്റേഷനുകൾ തയ്യാറാക്കും. അവരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പൊലീസ് കർശന നിർദ്ദേശം നൽകും. നേരത്തെ കേസിലുൾപെട്ട് ജാമ്യത്തിൽ കഴിയുന്നവരാരെങ്കിലും വീണ്ടും അക്രമത്തിലേർപ്പെട്ടാൽ അവരുടെ ജാമ്യം റദ്ദാക്കി ജയിലിലേക്കയക്കാൻ വേണ്ട നടപടി സ്വീകരിക്കും. ഇതിനിടെയാണ് പഴയ ബോംബ് കഥകൾക്ക് പകരം പുതിയ ഹൈടെക് ബോംബ് കഥകൾ പിറക്കുന്നത്. നാട് മാറുമ്പോൾ ബോംബും മാറണമല്ലോ. അങ്ങനെ നാടൻ ബോംബ് മുതൽ കൂടോത്ര ബോംബ് വരെ നീളുകയാണ് കണ്ണൂരിലെ ബോംബുകളുടെ ചരിത്രം.