കാസർകോട്: മൂന്നംഗ കുടുംബത്തെ വാടക ക്വാർട്ടേഴ്സിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. ചെങ്കള തൈവളപ്പിലെ

ക്വാർട്ടേഴ്സിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയും തയ്യൽ തൊഴിലാളിയുമായ മിഥിലാജ് (50), ഭാര്യ പൊവ്വൽ മാസ്തിക്കുണ്ട് സ്വദേശിനി സാജിദ (38), മകൻ സഹദ് (14) എന്നിവരെയാണ് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടത്. ചെങ്കള ഇന്ദിരാനഗറിലെ കടയിൽ തയ്യൽ ജോലി ചെയ്തു വരികയായിരുന്നു ദമ്പതികൾ. എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സഹദ്.

വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേത്തിയതാണ് കുടുംബമെന്ന് പറയുന്നു. ഇസ്ലാം മതം സ്വീകരിച്ചയാളാണ് മിഥിലാജെന്നും പറയുന്നുണ്ട്.

സാമ്പത്തിക പ്രശ്നമാണ് മരണകാരണമെന്നാണ് നിഗമനം. കൊവിഡ് കാരണം മാസങ്ങളായി തയ്യൽ ജോലി ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നും രാവിലെ പത്രം എടുത്തു വായിക്കാനിരിക്കാറുണ്ട് മിഥിലാജ് . പത്തരയായിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്നാണ് അയൽവാസികൾ അന്വേഷിച്ചത്. പൊലീസെത്തി വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് പായയിൽ മൂന്നുപേരും മരിച്ചു കിടക്കുന്നത് കണ്ടത് . മുറിയിൽനിന്ന് ഫ്യൂറഡാൻ വിഷത്തിന്റെ കുപ്പിയും പഴങ്ങളും കണ്ടെടുത്തു.