കണ്ണൂർ: 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃതമായി ഓപ്പൺ വോട്ട് ചെയ്യുന്നത് ചോദ്യം ചെയ്തതിലുള്ള വിദ്വേഷത്തിൽ പെരുമാച്ചേരി എ.യു.പി സ്‌കൂളിലെ യു.ഡി.എഫിന്റെ ബൂത്ത് ഏജന്റ്മാരെ മർദ്ദിച്ച സംഭവത്തിൽ എട്ട് സി.പി.എം പ്രവർത്തകർക്ക് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് മാസം വീതം തടവും പിഴയും വിധിച്ചു. അബ്ദുൾ സമദ്, സി .മൊയ്തീൻ, വി.കെ. നാരായണൻ എന്നിവരെ സംഘം ചേർന്ന് തടഞ്ഞുവെക്കുകയും ആക്രമിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്. ഈ പിഴ തുകയിൽ നിന്നും അക്രമത്തിനിരയായ അബ്ദുൾ സമദിന് 4000, സി.മൊയ്തീൻ, വി.കെ നാരായണൻ എന്നിവർക്ക് 2000 രൂപ വീതവും നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. സി.പി.എം പ്രവർത്തകരായ കെ.ശ്രീജേഷ് , ഇ.വി.സായൂജ് , സി.രാജീവൻ ,സി.പ്രകാശൻ , വി.ദിലീപ് , കെ.പി.രാഹുൽ , കെ.പി.ബഷീർ, ഷാഹിദ് അഹമ്മദ്, ടി.റിജേഷ് , പി.വി.ബിജിത്ത് , കെ.വി.ഷിജു എന്നിവരാണ് കേസിലെ പ്രതികൾ.