കണ്ണൂർ: കണ്ണൂർ സിറ്റിയിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇവിടെ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് യാത്ര നിയന്ത്രിച്ചത്. കണ്ണൂർ സിറ്റി, കുറുവ, കാഞ്ഞിര വായനശാലയ്ക്ക് സമീപം എന്നിവിടങ്ങളിൽ സ്ഥാപിച്ച ബാരിക്കേഡുകളാണ് തകർത്ത നിലയിൽ കണ്ടത്. കണ്ടെയ്ൻമെന്റ് സോണുകളിലെ പോക്കറ്റ് റോഡുകളിൽ സ്ഥാപിച്ച ബാരിക്കേഡുകൾ മാറ്റി വാഹനം പോകുന്നതും പൊലീസ് ശ്രദ്ധയിൽപെട്ടിരുന്നു.

ഇതേതുടർന്ന് നടത്തിയ പരിശോധനയിൽ പല റോഡുകളിലും സ്ഥാപിച്ച ബാരിക്കേഡുകൾ എടുത്തു മാറ്റിയ നിലയിലും ചിലയിടങ്ങളിൽ തകർത്ത നിലയിലും കണ്ടെത്തി. കൊവിഡ് നിയന്ത്രണം ലംഘിച്ച് ബാരിക്കേഡുകൾ തകർത്ത അഞ്ച് പരിസരവാസികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കണ്ടെയ്ൻമെന്റ് സോണുകളിലെ പോക്കറ്റ് റോഡുകൾ അടച്ചെങ്കിലും പ്രധാന റോഡുകളിൽ ഗതാഗതം അനുവദിക്കുന്നുണ്ട്.