തളിപ്പറമ്പ്∙ കണ്ണൂർ വിജിലൻസ് സി.ഐ ടി.പി. സുമേഷിന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. ഇദ്ദേഹത്തിന്റേതെന്ന വ്യാജേന പണമാവശ്യപ്പെട്ട സന്ദേശത്തോട് പ്രതികരിച്ച ആലക്കോട് സ്വദേശിക്ക് 10,000 രൂപ നഷ്ടപ്പെട്ടു. സുമേഷ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി.

സുമേഷ് പണം ആവശ്യപ്പെടുന്ന സന്ദേശങ്ങളാണ് സുഹൃത്തുക്കൾക്ക് ലഭിച്ചത്. അടിയന്തരമായി സഹായിക്കണമെന്നും 10,000 അയക്കണമെന്നുമുള്ള സന്ദേശമാണ് പലർക്കും ലഭിച്ചത്. ഇതുകണ്ട് ഒരാൾ പണം അയക്കുകയും ചെയ്തു. നിരവധി പേർക്ക് സന്ദേശം കിട്ടിയതോടെ സുമേഷുമായി ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹം വിവരമറിഞ്ഞത്. അക്കൗണ്ട് വ്യാജമാണെന്നും ആരും പണം നൽകരുതെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ഫ്രണ്ട് ഷിപ്പ് റിക്വസ്റ്റ് അയച്ച ശേഷം അക്കൗണ്ടിലുള്ളവർക്ക് മെസഞ്ചർ വഴിയാണ് 10,000 രൂപ ആവശ്യപ്പെട്ടത്. സുമേഷിന്റെ ഫോട്ടോയാണ് ഫേസ് ബുക്കിൽ കൊടുത്തിരുന്നത്. എന്നാൽ സുമേഷിന്റെ ശരിയായ ഫേസ് ബുക്ക് അക്കൗണ്ടിൽ മക്കളുടെ ഫോട്ടോയാണുള്ളത്. സൈബർ സെൽ വഴി നടത്തിയ അന്വേഷണത്തിൽ ഹിന്ദി സംസാരിക്കുന്ന ഒരാളാണ് ഐ.ഡി നിർമ്മിച്ചിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.