കണ്ണൂർ: പതിനായിരക്കണക്കിനു തൊഴിലാളികളുടെ ചികിത്സയ്ക്ക് ഗുണകരമാകേണ്ട തോട്ടട ഇ.എസ്.ഐ ആശുപത്രി ഇപ്പോഴും സ്പെഷ്യാലിറ്റി സംവിധാനത്തിനായി കാത്തിരിക്കുന്നു. ആവശ്യത്തിന് പതിനഞ്ചു വർഷത്തോളം പഴക്കമുണ്ടെങ്കിലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ധാരണയിലെത്താത്തത് പദ്ധതിയെ പിന്നോട്ടടിപ്പിക്കുകയാണ്.
ചെറിയൊരു ഡിസ്പെൻസറി പോലെയാണ് ഇന്നും ഇ.എസ്.ഐ ആശുപത്രിയുടെ പ്രവർത്തനം. വർഷങ്ങൾക്ക് മുമ്പ് ഇവിടം സന്ദർശിച്ച കേന്ദ്ര തൊഴിൽ മന്ത്രി ജോർജ് ഫെർണാണ്ടസാണ് ഇതുസംബന്ധിച്ച് ഉറപ്പ് നൽകിയത്. പിന്നീട് കേന്ദ്ര തൊഴിൽവകുപ്പ് സഹമന്ത്രിയായി ചുമതലയേറ്റ കൊടിക്കുന്നിൽ സുരേഷും അഭ്യർത്ഥന മാനിച്ച് തോട്ടട ആശുപത്രി സന്ദർശിച്ചു.
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയുടെ ഭൂമിയും കെട്ടിടവും കേന്ദ്ര സർക്കാരിന് വിട്ടു നൽകുകയാണെങ്കിൽ സ്പെഷ്യലിറ്റി ആശുപത്രിയായി ഉയർത്താമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉറപ്പ്. മന്ത്രിമാരുടെ ഉറപ്പുകളല്ലാതെ കാര്യങ്ങൾ ഒരിഞ്ച് മുന്നോട്ട് പോയില്ല.
ഒരു ലക്ഷത്തോളം ഇ.എസ്.ഐ തൊഴിലാളികൾക്കാണ് ഇ.എസ്.ഐ ആനുകൂല്യം ഇവിടെ നിന്ന് ലഭിക്കേണ്ടത്. സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദിശ
മുഖ്യമന്ത്രി പിണറായി വിജയനും തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണനും നിവേദനം നൽകിയിട്ടുണ്ട്.
മുഖം തിരിച്ച് ആശുപത്രികൾ
തോട്ടട ഇ.എസ്.ഐ ആശുപത്രിയുടെ ഗുണഭോക്താക്കളായ തൊഴിലാളികളെ ചെലവുള്ള ചികിത്സകൾക്ക് ഇ.എസ്.ഐ അധികൃതർ സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. എന്നാൽ ഇ.എസ്.ഐ ബില്ല് ഇനത്തിൽ വലിയ കുടിശിക വരുത്തുന്നതിനാൽ ചികിത്സ നൽകാൻ റഫർ ചെയ്യപ്പെടുന്ന പ്രമുഖ സ്വകാര്യ ആശുപത്രികൾ മടിക്കുകയാണ്. ഇതിന് പുറമെ ഇ.എസ്.ഐ അനുവദിക്കുന്ന തുക തുച്ഛമാണെന്ന ആരോപണവുമുണ്ട്. ചിലവായ തുകയിൽ വലിയതോതിൽ വെട്ടിക്കുറച്ചാണ് ഇ.എസ്.ഐ നൽകുന്നത്. ഇ.എസ്.ഐ ആശുപത്രിയിൽ സ്പെഷ്യാലിറ്റി സംവിധാനമൊരുക്കിയാൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാവും.
മറ്റു ജില്ലകളിൽ ഇ.എസ്.ഐ ആശുപത്രിക്ക് എം പാനൽ ആശുപത്രികൾ ഉണ്ട്. കണ്ണൂരിൽ ഉണ്ടായിരുന്ന എം പാനൽ ആശുപത്രികൾ ചികിത്സ ചിലവ് ബില്ല് അടക്കമുള്ള പ്രശ്നങ്ങൾ കാരണം ചികിത്സ നിർത്തിയിരിക്കുകയാണ്. കണ്ണൂർ, കാസർകോട് ജില്ലകളിലെ തൊഴിലാളികൾക്കുള്ള ഏക ആശുപത്രിയാണിത്. തൊഴിലാളികളുടെ ദുരിതത്തിന് പരിഹാരം കാണാൻ ഉടൻ നടപടിയെടുക്കണം.
സി. ജയചന്ദ്രൻ, ചെയർമാൻ, ദിശ