പിലിക്കോട്: പിലിക്കോട് , തൃക്കരിപ്പൂർ, ചെറുവത്തൂർ ,പടന്ന , പഞ്ചായത്തുകളിലെ സമഗ്ര കായിക പുരോഗതി ലക്ഷ്യമാക്കി കാലിക്കടവ് മിനി സ്റ്റേഡിയം നിർമ്മാണത്തിന് തുടക്കമായി. മന്ത്രി ഇ.പി. ജയരാജൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. എം രാജഗോപാലൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു.
കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഈ പദ്ധതിക്ക് രണ്ടു കോടി രൂപയും ഗ്രാമപഞ്ചായത്ത് വിഹിതമായ 35 ലക്ഷം രൂപയും ചേർത്താണ് നിർമ്മാണം. കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി. രാജ്മോഹൻ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടർ ഡോക്ടർ ഡി. സജിത് ബാബു മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.വി. പത്മജ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൃഷ്ണൻ ഗ്രാമപഞ്ചായത്ത് അംഗം പി. രാജീവൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ടി.വി ബാലൻ, വികസന പാക്കേജ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.എസ് ശശിധരൻ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ശ്രീധരൻ സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി രമേശൻ നന്ദിയും പറഞ്ഞു.