തലശ്ശേരി: ചിറക്കര ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ കെട്ടിടോദ്ഘാടനം ബുധനാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. 5 കോടി രൂപ ചെലവഴിച്ച് നാല് നിലകളുള്ള കെട്ടിടത്തിന്റെ പ്രവൃത്തിയാണ് പൂർത്തികരിച്ചിട്ടുള്ളതെന്നും വിവിധങ്ങളായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളതെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള പാചക ഭക്ഷണശാല, വിവിധ വിഷയ ലാബുകൾ, പന്ത്രണ്ട് സ്മാർട്ട് ക്ലാസ്സ് മുറികൾ, കോൺഫ്രറൻസ് ഹാൾ എന്നിവയാണ് കെട്ടിടത്തിലുള്ളത്. 16 കോടി രൂപയുടെ സമഗ്ര പ്ലാനിങ്ങാണ് വിദ്യാലയ വികസനത്തിനായി സർക്കാർ അംഗീകരിച്ചിട്ടുള്ളത്. തലശ്ശേരി എം.എൽ.എ എ.എൻ.ഷംസീ
റാണ് കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്ന് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. വിനയ രാജ് പറഞ്ഞു. കൗൺസിലർ വാഴയിൽ വാസു, , ജില്ലാ പഞ്ചായത്തംഗം പി. വിനീത, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം.കെ.സുബൈർ, പ്രിൻസിപ്പൽ വി.സി. സിജു, പ്രധാന അദ്ധ്യാപിക സി. ജയലക്ഷ്മി, സി. സോമൻ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.