കൂത്തുപറമ്പ്: കണ്ണവത്ത് വീണ്ടും അരങ്ങേറിയ രാഷ്ട്രീയ കൊലപാതകം പ്രദേശത്തെ നടുക്കി. ഏറെ നാളുകളായി സമാധാനം നിലനിന്നു വരുന്നതിനിടയിലാണ് ഇന്നലെ പട്ടാപ്പകൽ വീണ്ടും നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. 2018 ജനുവരി 18 ന് ആണ് എ.ബി.വി.പി പ്രവർത്തകനായിരുന്ന കണ്ണവം ആലപ്പറമ്പിലെ ശ്യാമപ്രസാദിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
പേരാവൂരിലെ ട്യൂഷൻ സെന്ററിൽ നിന്നും ക്ലാസ് കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്യാമപ്രസാദിനെ കാറിലെത്തിയ സംഘം കൊമ്മേരിക്കടുത്ത് വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അറസ്റ്റിലായവരെല്ലാം തന്നെ എസ്.ഡി.പി.ഐ പ്രവർത്തകരായിരുന്നു. രണ്ട് വർഷം മുൻപ് നടന്ന സംഭവത്തിന്റെ തിരിച്ചടി എന്നനിലയിലാണ് ഇന്നലെ നടന്ന കൊലപാതകം എന്നാണ് പൊലീസ് നൽകുന്ന സൂചനകൾ. കാറിൽ സഹോദരിമാരോടൊപ്പം സഞ്ചരിക്കുകയായിരുന്ന കണ്ണവത്തെ സയ്യിദ് സലാഹുദ്ദീനാണ് ദാരുണമായി കൊല്ലപ്പെട്ടത്.
എസ്.ഡി.പി.ഐ പ്രവർത്തനായ സലാഹുദ്ദീൻ ശ്യാമപ്രസാദ് കൊല്ലപ്പെട്ട സംഭവത്തിൽ ഏഴാം പ്രതിയായിരുന്നു. അന്തർ സംസ്ഥാന പാതയിലെ കണ്ണവത്തിനും - ചിറ്റാരിപ്പറമ്പിനും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലമായിരുന്നു കൊലയാളികൾ കൃത്യം നടത്താൻ തിരഞ്ഞെടുത്തത്. കാറിനെ പിന്തുടർന്ന് എത്തിയ ബൈക്ക് കാറിൽ ഇടിച്ച് നിർത്തിയായിരുന്നു അക്രമം. യുവാവിനെ അക്രമിക്കുന്നതിനിടയിൽ സഹോദരിമാർ ബഹളം വച്ചെങ്കിലും സമീപത്ത് ആളുകൾ ഇല്ലാത്തത് അക്രമികൾക്ക് സഹായകമായി. ഏതാനും വഴിയാത്രക്കാർ ബഹളംകേട്ട് എത്തിയെങ്കിലും അവരെ അക്രമികൾ വിരട്ടിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതക ശേഷം എത്തിയ പൊലീസ് നായ സമീപത്ത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിലെത്തിയാണ് നിന്നത്. സമീപത്ത് നിന്നും ഒഴിഞ്ഞ മദ്യഗ്ലാസും, ഭക്ഷണാവശിഷ്ടവും പൊലീസ് ശേഖരിച്ചിട്ടുണ്ട്.