കാസർകോട് : എം.സി ഖമറുദീൻ എം.എൽ.എയുടെ കമ്പനിയുടെ തകർച്ചയ്ക്ക് പിന്നിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് കേന്ദ്രത്തിലുണ്ടായ ഭരണത്തുടർച്ചയും കാരണമായെന്ന് വിലയിരുത്തൽ. കേന്ദ്രത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്നും തുടർന്ന് ബംഗളുരു, മംഗളുരു എന്നിവിടങ്ങളിൽ അടക്കം കൂടുതൽ ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങുമെന്നും ഇതിനായി ബംഗളുരു വ്യവസായി 450 കോടി രൂപ നല്കാൻ തയ്യാറായിട്ടുണ്ടെന്നും നിക്ഷേപകരോട് പറഞ്ഞിരുന്നുവത്രേ. എന്നാൽ, കേന്ദ്രത്തിൽ ഭരണമാറ്റം ഉണ്ടായില്ലെന്ന് മാത്രമല്ല കോടികൾ വാഗ്ദാനം ചെയ്ത വ്യവസായിയുടെ അക്കൗണ്ടുകൾ സർക്കാർ മരവിപ്പിക്കുകയും ചെയ്തത് ഇരട്ട തിരിച്ചടിയായി. എം.എൽ.എ മാത്രം ഒപ്പിട്ടും ചെയർമാനും എം.ഡിയും ഒപ്പിട്ടും രണ്ടുവിധത്തിലുള്ള ചെക്കുകൾ നിക്ഷേപകർക്ക് നൽകിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. വ്യക്തിപരമായി നൽകിയ ചെക്കുകൾ വേഗം തീർക്കാമെന്ന് എം.എൽ.എ ഇപ്പോൾ പറയുന്നുണ്ട്. എന്നാൽ കമ്പനിയുടെ ചെക്കുകൾ എങ്ങനെ തീർക്കുമെന്ന് ആർക്കും ഒരുപിടിയുമില്ല. പയ്യന്നൂരിലെ ആസ്തികൾ മാത്രമാണ് സ്വന്തമായുള്ളത്. ചെറുവത്തൂരിൽ വാടക കെട്ടിടമാണ്. കാസർകോട്ടെ ആസ്തികൾ മൂന്ന് കോടി വാങ്ങി ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ എം എൽ എ നേരിട്ട് തന്നെ ഡീൽ ഉറപ്പിച്ചു പണം വാങ്ങിയിരുന്നു.
''
ഓഹരി ഉടമകളുടെ ആശങ്കകൾ പരിഹരിക്കും. പണം തിരിച്ചു കിട്ടുമോ എന്ന ഭയത്തിലാണ് ഓഹരി ഉടമകൾ പരാതി നല്കാൻ തയ്യാറായത്. ഇതെല്ലാം രാഷ്ട്രീയ പ്രേരിതമാണ്. വർഷങ്ങൾക്ക് മുമ്പ് തന്നെ എന്നെ തകർക്കാൻ ശ്രമം തുടങ്ങിയതാണ്. അതിന്റെ തുടർച്ചയാണ് ഇപ്പോഴും നടക്കുന്നത് .
എം.സി ഖമറുദ്ദീൻ എം.എൽ.എ