കാസർകോട്: മൂന്നംഗ കുടുംബത്തെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്യാനഗർ പൊലീസ് ഇൻസ്‌പെക്ടർ വി.വി. മനോജിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലാണ് മൂന്നു പേരെയും ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടാണ് കാരണമെന്ന് പറയുന്നുണ്ടെങ്കിലും മറ്റു കാരണങ്ങൾ സംഭവത്തിന് പിന്നിലുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
ചെങ്കള തൈവളപ്പിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയും തയ്യൽ തൊഴിലാളിയുമായ മിഥിലാജ് (50), ഭാര്യ പൊവ്വൽ മാസ്തിക്കുണ്ട് സ്വദേശിനി സാജിദ (38), മകൻ സഹദ് (14) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെങ്കള ഇന്ദിരാനഗറിലെ കടയിൽ തയ്യൽ ജോലി ചെയ്യുകയായിരുന്നു ദമ്പതികൾ.
കൊവിഡ് കാരണം മാസങ്ങളായി തയ്യൽ ജോലി ചെയ്യാൻ സാധിച്ചിരുന്നില്ല. തിങ്കളാഴ്ച രാത്രി 11 മണിവരെ വീട്ടിൽ വെളിച്ചം ഉണ്ടായിരുന്നു. രാവിലെ പത്രം വായിക്കുന്നത് കാണാറുണ്ട്. അന്നേ ദിവസം കാണാതിരിക്കുകയും പത്തരയായിട്ടും വാതിൽ തുറക്കാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് അന്വേഷിച്ചതെന്ന് അയൽവാസി അറിയിച്ചു. വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ട് എത്തിയതാണ് കുടുംബമെന്ന് പറയുന്നു.